മനുഷ്യ – വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ജില്ലാതല നിയന്ത്രണ സമിതി യോഗം ചേർന്നു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ പുരോഗതിയും വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നേരിടുന്ന പ്രശ്നങ്ങളും യോഗം വിശദമായി ചർച്ച ചെയ്തു.

തൊഴിലുറപ്പ് പദ്ധതി വഴി വനാതിർത്തികളിലേയും ഫെൻസിങ്ങിനോടു ചേർന്ന ഭാഗങ്ങളിലേയും അടിക്കാട് വെട്ടാൻ നിലവിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് യോഗം വിലയിരുത്തി. നിലവിലെ ചട്ടങ്ങളാണ് പ്രതിസന്ധി തീർക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ പ്രത്യേക ഇടപെടൽ ആവശ്യമാണെന്ന് യോഗത്തിൽ അധ്യക്ഷനായി ( ഓൺലൈനിൽ) സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജനകീയമായി അടിക്കാട് വെട്ടുന്നതും പരിഗണിക്കണമെന്നും ആദ്ദേഹം പറഞ്ഞു.

മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഫോറസ്റ്റ് ഡിവിഷനലുകളിലായി ആയിരത്തി എണ്ണൂറോളം പരാതികളാണ് ലഭിച്ചത്. ഇതിൽ ജില്ലാതലത്തിൽ അവതരിപ്പിച്ച് പരിഹരിക്കേണ്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. സംസ്ഥാന തലത്തിൽ ഇടപെടൽ നടത്തേണ്ട പരാതികളും നിയമത്തിൽ മാറ്റം വരുത്തേണ്ട വിഷയങ്ങളും അടുത്തഘട്ടത്തിൽ പരിഗണിക്കും.

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ ആന്റണി ജോൺ , റോജി .എം. ജോൺ ( ഓൺലൈനായി), ജില്ലാ കളക്ടർ ജി. പ്രിയങ്ക, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ. അടലരശൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.മനോജ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ തുടങ്ങിവർ യോഗത്തിൽ പങ്കെടുത്തു.
