ഗള്‍ഫ് സന്ദര്‍ശനത്തിനു തുടക്കമിട്ട് ബഹ്‌റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സ്വീകരണം. ബഹറൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വിരുന്നൊരുക്കിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.

മനാമ റിഫയിലുള്ള ഉപപ്രധാനമന്ത്രിയുടെ കൊട്ടാരത്തില്‍ ഉച്ചവിരുന്നൊരുക്കിയായിരുന്നു സ്വീകരണം. ബഹ്‌റൈന്‍ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ആദില്‍ ഫഖ്‌റു, ബഹ്‌റൈന്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ്, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി, ലുലു ബഹ്‌റൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാല, ഡോ. വര്‍ഗീസ് കുര്യന്‍, പി.വി. രാധാകൃഷ്ണ പിള്ള എന്നിവരും സന്നിഹിതരായിരുന്നു.

വൈകിട്ട് കേരളീയ സമാജത്തില്‍ മലയാളം മിഷനും ലോക കേരള സഭയും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ആയിരക്കണക്കിനു പ്രവാസികളാണ് പരിപാടിയില്‍ പങ്കെടുത്തത്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വിശദീകരിക്കുന്നതിനാണ് മുഖ്യമന്ത്രി ഒന്നേകാല്‍ മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ അധിക സമയവും ചെലവഴിച്ചത്. ഇന്നു രാവിലെ മുഖ്യമന്ത്രി കേരളത്തിലേക്കു മടങ്ങി. മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പിണറായി വിജയൻ ബഹ്‌റൈൻ സന്ദർശനത്തെക്കുറിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ :

” എട്ടു വർഷത്തിനു ശേഷം നടത്തിയ ബഹ്റൈൻ സന്ദർശനത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി നടന്ന പ്രവാസി മലയാളി സംഗമം ഇന്നലെ ഉദ്ഘാടനം ചെയ്തു. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, എം എ യൂസഫ് അലി എന്നിവരടക്കമുള്ളവർക്കും സംഗമം വൻ വിജയമാക്കാൻ പ്രയത്നിച്ച എല്ലാവർക്കും ബഹ്‌റൈനിലെ മലയാളി സമൂഹത്തിനും ഹൃദയംഗമമായ നന്ദിയും സ്നേഹവും അറിയിക്കുന്നു.

ബഹറൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയെ മനാമ റിഫയിലുള്ള ഉപപ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ സന്ദർശിച്ചു. കേരളവും ബഹ്റൈനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള സാധ്യതകൾ അദ്ദേഹവുമായി ചർച്ച ചെയ്തു. ബഹറൈൻ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രു, ബഹറൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, ചീഫ് സെക്രട്ടറി ഡോ: എ. ജയതിലക്, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി, ലുലു ബഹറൈൻ ഡയറക്ടർ ജൂസർ രൂപാവാല, വർഗീസ് കുര്യൻ, ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള എന്നിവരും ഒപ്പമുണ്ടായിരുന്നു.”
