അന്ന്, ജോഷിയച്ചന്‍ ഫോര്‍ട്ടുകൊച്ചി മൗണ്ട് കാര്‍മ്മല്‍ പെററിറ്റ് സെമിനാരിയില്‍ ആദ്യവര്‍ഷ വൈദിക വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലം. ഒരുദിവസം അരമനയില്‍ ജോസഫ് കുരീത്തറ പിതാവ് സെമിനാരിക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഒരു വൈദികന്‍ പിതാവിന്റെ മേശപ്പുറത്തിരുന്ന ബൈബിളില്‍ താളം പിടിച്ചുകൊണ്ടിരുന്നു. എല്ലാവരും അതു കാണുന്നുണ്ടെങ്കിലും ആരുമത് കാര്യമായെടുത്തില്ല. അഥവാ ആരെങ്കിലും കാര്യമായെടുത്തിട്ടുണ്ടെങ്കില്‍ തന്നെ അധികാരികളോട് എന്തെങ്കിലും പറയാന്‍ ധൈര്യമുണ്ടാകില്ലല്ലോ.

എന്നാല്‍, ഒന്നാം വര്‍ഷക്കാരനായിരുന്നിട്ടുപോലും ജോഷിയച്ചന്‍ സ്വരമുയര്‍ത്തിപ്പറഞ്ഞു: ” അച്ചാ, ബൈബിൾ താളം പിടിക്കാനുള്ളതല്ല ”. മുന്നിലിരിക്കുന്നവന്റെ വലിപ്പം നോക്കാതെ പറയാനുള്ളത് സത്യമെങ്കില്‍ അത് മുഖത്തുനോക്കി പറയുന്നതില്‍ അന്നേ ജോഷിയച്ചന്‍ വ്യത്യസ്തനായിരുന്നു. അങ്ങനെ പല സത്യങ്ങളും ഉറച്ച സ്വരത്തില്‍ വിളിച്ചുപറയുന്നതിനാലാണല്ലോ പല സ്ഥാനമാനങ്ങളും ജോഷിയച്ചനെ ഇതിനകം കാണാതെ പോയത്.

ആധുനികതയുടെ വലിയ ബഹളങ്ങളില്‍ പ്രവാചക ശബ്ദങ്ങള്‍ കേള്‍ക്കപ്പെടാതെ പോകുന്ന ഇക്കാലത്ത് വേറിട്ട പ്രവാചക ശബ്ദത്തിനുടമയാകുകയാണ് കൊച്ചി രൂപതാംഗമായ ജോഷി മയ്യാറ്റിലച്ചന്‍. ഒരു പുരോഹിതന്റെ ശബ്ദം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ വരെ മുഴങ്ങുകയും ഭാരതത്തിലെ ഓരോ പൗരന്റെയും മിടിപ്പായി ആ സ്വരം മാറുകയും ഇടതും വലതും തൊപ്പിയിട്ടവരും ഇടാത്തവരും തിരിഞ്ഞും മറിഞ്ഞും കരണം മറിഞ്ഞു പയറ്റിയിട്ടും തീവ്രവാദിയെന്ന് മുദ്രകുത്തിയിട്ടും സൂക്ഷിക്കണമെന്ന് പല അര്‍ത്ഥങ്ങളില്‍ പറഞ്ഞിട്ടും നിശബ്ദനാകുന്നില്ലെന്ന് കണ്ട് സഭയെങ്കിലും ഈ ഒറ്റയാനെ തളയ്ക്കട്ടെ എന്നു കരുതി അധികം മൂത്താൽ വരാന്‍ പോകുന്നത് ചര്‍ച്ച് ബില്‍ എന്ന കോടാലിയാണെന്ന് പറഞ്ഞിട്ടും ജോഷിയച്ചന്‍ പതറിയില്ല. സഭയാകട്ടെ നന്മയുടെ ഈ ‘ഒറ്റയാനെ’ ശാസിക്കാനോ, തളയ്ക്കാനോ, പിടിച്ചുകെട്ടാനോ മെനക്കെട്ടുമില്ല.

ഓര്‍മ്മ വച്ചിട്ട് ഇക്കാലം വരെ ഒരു പുരോഹിതന്റെ വാക്കുകള്‍ക്ക് മുന്നില്‍ ഇങ്ങനെ ഒരു രാജ്യം പതറി നില്‍ക്കുന്നത് കണ്ടിട്ടില്ല. അത്രയ്ക്കായിരുന്നു ജോഷിയച്ചന്റെ വാക്കുകളുടെയും എഴുത്തിന്റെയും നിലപാടിന്റെയും മൂര്‍ച്ച. ആ വാള്‍മുനയേറ്റ് രക്തം പൊടിഞ്ഞവരിലും വാര്‍ന്നവരിലും ഇടതും വലതും ഇതു രണ്ടുമല്ലാത്ത രാഷ്ട്രീയക്കാരുണ്ട്, സാംസ്‌കാരിക നായകന്മാരുണ്ട്, വൈദികരുണ്ട്, സമൂദായിക സംഘടനകളുണ്ട്, എന്തിനേറെ മെത്രാന്മാര്‍ വരെയുണ്ട്. അക്കാര്യത്തില്‍ അച്ചന്‍ ആരുടെയും മുഖം നോക്കിയില്ല. നോക്കിയതാകട്ടെ വൈപ്പിനിൽ എല്ലാം നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടിവരുന്ന ഒരു വലിയ കൂട്ടം മനുഷ്യരുടെ കണ്ണീരണിഞ്ഞ മുഖം മാത്രം.

അങ്ങനെ നമ്മുടെ രാജ്യത്തിന്റെ എല്ലാ നിയമങ്ങള്‍ക്കും മുകളില്‍, എല്ലാ കോടതികള്‍ക്കും മുകളില്‍, എല്ലാ വ്യവസ്ഥിതികള്‍ക്കും മുകളില്‍ ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിഷ്ഠിക്കാന്‍ നടത്തിയ അവകാശവാദത്തിനു മേല്‍ ഒരു പുരോഹിതന്‍ ഒറ്റയ്ക്ക് ആണിയടിച്ചു. ഇന്നലെ ഹൈക്കോടതി ആ ആണിമേല്‍ മുദ്രയടിച്ച് ജനാധിപത്യത്തിന്റെ മഹത്വമറിയിച്ചു.

ജോഷിയച്ചാ, സ്വന്തമായ 99 തിനെ മരുഭൂമിയില്‍ വിട്ടിട്ട് കാണാതായ ഒന്നിനെ കണ്ടെത്തി തോളിലേറ്റി തിരികെ വരുന്ന നല്ലിടയനായ ക്രിസ്തുവിനെ കാണുന്ന സന്തോഷമാണ് അങ്ങയെ കാണുമ്പോള്‍ ഞങ്ങള്‍ക്ക്.

ക്രിസ്തുവിന്റെ ഈ നിലപാടിനൊപ്പം നില്‍ക്കുന്ന ഇടയന്മാരെ സഭയിലും സമൂഹത്തിലും രാഷ്ടീയത്തിലും മഷിയിട്ട് നോക്കിയാല്‍പോലും കാണാത്ത ഇക്കാലത്താണല്ലോ അങ്ങ് എന്നോര്‍ക്കുമ്പോള്‍ ക്രിസ്തു ഇന്നും തെരുവിലൂടെ നടക്കുന്നതായി ഞങ്ങൾക്ക് തോന്നുന്നു. അവന്‍ വീടിനു മുന്നിലെ തെരുവിലുണ്ടെങ്കില്‍ ഞങ്ങള്‍ വീടിനകത്ത് സുരക്ഷിതരാണല്ലോ. അങ്ങയെപ്പോലുള്ള ഇടയന്മാര്‍ ഇനിയുമുണ്ടാകട്ടെ – ദരിദ്രരെ കാണുന്ന ഇടയന്മാര്‍.

ജോഷിയച്ചാ, അങ്ങ് ജീവിക്കുന്ന ഇക്കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് ചിന്തിക്കുന്ന ലക്ഷോപലക്ഷം സാധാരണ മനുഷ്യരുണ്ട് ഇന്ന് ഈ രാജ്യത്തെന്ന് തിരിച്ചറിയുക. ഇതില്‍പരം അംഗീകാരം മറ്റെന്താണ്, ക്രിസ്തുവിന്റെ പുരോഹിതാ, അങ്ങയ്ക്ക് ലഭിക്കാനുള്ളത്.
സെലസ്റ്റിന്‍ കുരിശിങ്കല്‍
(98463 33811)
