ഇ ഡി 17,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ അനില്‍ അംബാനിയുടെ സഹായിയെ അറസ്റ്റ് ചെയ്‌തു .പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ വിശ്വസ്തനും റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ സിഎഫ്ഒയുമായ അശോക് കുമാര്‍ പാലിനെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തത്. 17,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇഡിയുടെ നടപടി.

25 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അശോക് കുമാര്‍ പാല്‍. ഏഴു വര്‍ഷത്തിലധികമായി ഇദ്ദേഹം റിലയന്‍സ് പവറിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളിലും വായ്പാതുക മറ്റുകമ്പനികളിലേക്ക് ക്രമവിരുദ്ധമായി മാറ്റിയതിലുമാണ് ഇഡി അന്വേഷണം നടത്തുന്നത്.

2017-ലും 2019-ലും യെസ് ബാങ്ക് അനുവദിച്ച വായ്പകളിലെ 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കും ക്രമവിരുദ്ധമായി മാറ്റിയെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വായ്പ അനുവദിക്കുന്നതിനായി യെസ് ബാങ്കിന്റെ അന്നത്തെ ഉടമയ്ക്കും അധികൃതര്‍ക്കും കൈക്കൂലി നല്‍കിയതിനും തെളിവുലഭിച്ചിരുന്നു.

യെസ് ബാങ്ക് വായ്പയ്ക്ക് അനുമതിനല്‍കിയതില്‍ വലിയ പിഴവുകളുണ്ടായതായും ഇഡി പറയുന്നു. ഇതിനുപിന്നാലെയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സും സമാനരീതിയില്‍ 14,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതായും ഇഡി കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ പലതവണകളായി ഇഡി റെയ്ഡ് നടത്തിയിരുന്നു.
