ജനങ്ങളുടെ മേൽ കുതിരകയറിക്കൊണ്ടുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണ സമരം ഇനി മേൽ അനുവദിക്കില്ലെന്ന് വിളയോടി ശിവൻകുട്ടി മുന്നറിയിപ്പ് നൽകി. ചികിത്സാ പിഴവ് മൂലം നാലാം ക്ലാസ്സുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കുറ്റക്കാരനായ ഡോക്ടർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ആശുപത്രി അന്വേഷണ സംഘം കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് ജൂനിയർ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിന്റെയടിസ്ഥാനത്തിൽ പലപ്രാവശ്യം ഒ.പി ബഹിഷ്കരിക്കുന്ന ഡോക്ടർമാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ഗവ: മെഡിക്കൽ കോളേജ് സമര സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് നടന്ന പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണ സമരങ്ങൾ സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയും, കടുത്ത മനുഷ്യാവകാശ ലംഘനവും പ്രാകൃതവുമാണെന്നും ജനങ്ങളെ അണിനിരത്തി അതിനെ ചെറുത്ത് തോൽപ്പിക്കുമെന്നും പ്രതിഷേധ സംഗമത്തിന്റെ അധ്യക്ഷത വഹിച്ച പാലക്കാട് ഗവ മെഡിക്കൽ കോളേജ് സമര സമിതി ചെയർമാൻ ആറുമുഖൻ പത്തിച്ചിറ മുന്നറിയിപ്പ് നൽകി.
ഡോക്ടർമാർ പ്രതിഷേധത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥിരം മാർഗ്ഗമാണ് ഒ.പി ബഹിഷ്കക്കരണം. ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന ഡോക്ടർമാരുടെ ഇത്തരം പ്രതിഷേധം നടത്തിയാൽ തെരുവിൽ നേരിടുമെന്നും യോഗത്തിൽ മുഖ്യപ്രസംഗം നടത്തിയ പാലക്കാട് ഗവ മെഡിക്കൽ കോളേജ് സമര സമിതി കൺവീനർ റെയ്‌മണ്ട് ആൻ്റണി ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകി.

പ്രതിഷേധ സംഗമം നടക്കുന്നതിനിടെ ഒ.പി ബഹിഷ്കരണം മാറ്റിവെച്ചുകൊണ്ടുള്ള KGMOA -യുടെ പത്രകുറിപ്പ് പാലക്കാട് ഗവ മെഡിക്കൽ കോളേജ് സമര സമിതി സ്വാഗതം ചെയ്തു.

പാലക്കാട് ജില്ലയിൽ പല്ലശ്ശന ഒഴിവുപാറ സ്വദേശിയായ ആർ വിനോദിന്റെയും, പ്രസീതയുടെയും മകളും, ഒഴിവുപാറ A L P വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയുമായ വിനോദിനി സെപ്റ്റംബർ 24ന് വൈകിട്ട് സഹോദരൻ അനുവിന്ദിനൊപ്പം കളിക്കുന്നതിനിടെയാണ് വീണ് അപകടം സംഭവിച്ചത്. ഈ കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർക്ക് വീഴ്ചകൾ പറ്റിയിട്ടുണ്ട് എന്ന് ആശുപത്രി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെയടിസ്ഥാനത്തിൽ രണ്ട് ജൂനിയർ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് ഡോക്ടർമാരുടെ സംഘടന പലപ്രാവശ്യം ഒ.പി ബഹിഷ്കരിക്കുകയുണ്ടായി. അതുമാത്രമല്ല ഇപ്പോൾ വീണ്ടും ഇന്നും നാളെയുമായി ഡോക്ടർമാർ ഒ.പി കൾ ബഹിഷ്കരണാഹ്വാനം നടത്തിയതിന് എതിരെയാണ് പാലക്കാട് ഗവ മെഡിക്കൽ കോളേജ് സമര സമിതി പ്രതിഷേധവുമായി രംഗത്തു വന്നിട്ടുള്ളത്.

ആറുമുഖൻ പത്തിച്ചിറ,പുതുശ്ശേരി ശ്രീനിവാസൻ, സജീഷ് കുത്തന്നൂർ, എ.രമേഷ്‌കുമാർ, എ.എൻ കരുന്തരപ്പുള്ളി, ബോബൻ മാട്ടുമന്ത, ഹിമേഷ് കുത്തന്നൂർ, ബാലചന്ദ്രൻ പോത്തയൻകാട്, കാർത്തികേയൻ മംഗലം,എം.അഖിലേഷ്‌കുമാർ, സി.വിജയകുമാർ, എസ്.സഹാവുദ്ധീൻ, കനകൻ, കെ.കെ.രാജൻ കാഞ്ഞിരപ്പുഴ, സി.രാമചന്ദ്രൻ, വി.മണി, ജയൻ മമ്പറം, പാണ്ടിയോട് പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
ചിത്രം : പാലക്കാട് ഗവ മെഡിക്കൽ കോളേജ് സമര സമിതി നടത്തിയ പ്രതിഷേധ സംഗമം വിളയോടി ശിവൻകുട്ടി ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു.
