ഇന്ത്യൻ ബിസിനസുകാരനായ ബി.ആര്‍. ഷെട്ടിക്ക് ദുബായ് കോടതിയിൽ നിന്നും വൻ തിരിച്ചടി

തകര്‍ന്ന് തരിപ്പണമായ എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ശൃംഖലയുടെ സ്ഥാപകന്‍ ബി.ആര്‍. ഷെട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്.ബി.ഐ) 46 ദശലക്ഷം ഡോളര്‍ (ഏകദേശം 381 കോടി രൂപ) നല്‍കണമെന്ന് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡി.ഐ.എഫ്.സി) കോടതി ഉത്തരവിട്ടു.

50 ദശലക്ഷം ഡോളര്‍ വായ്പക്കായി നല്‍കിയ വ്യക്തിഗത ഗ്യാരണ്ടിയുടെ കാര്യത്തില്‍ ഷെട്ടി സത്യപ്രതിജ്ഞ ലംഘിച്ച് കോടതിയില്‍ ആവര്‍ത്തിച്ച് കള്ളം പറഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ വിധി.

വിധി പ്രസ്താവിച്ച ജസ്റ്റിസ് ആന്‍ഡ്രൂ മോറന്‍, ഷെട്ടിയുടെ മൊഴിയെ ‘അവിശ്വസനീയമായ നുണകളുടെ ഘോഷയാത്ര’ എന്നും ‘അസംബന്ധവും പരസ്പരബന്ധമില്ലാത്തതും’ എന്നും വിശേഷിപ്പിച്ചു.

2018 ഡിസംബറില്‍ എന്‍.എം.സി ഹെല്‍ത്ത് കെയറിന് നല്‍കിയ വായ്പക്ക് ഷെട്ടി വ്യക്തിഗത ഗ്യാരണ്ടി നല്‍കിയിട്ടുണ്ടോ എന്നതായിരുന്നു കേസിന്റെ മുഖ്യ വിഷയം. ഒപ്പ് വ്യാജമാണെന്നും, ഒപ്പിടുന്നതിന് സാക്ഷിയായ ബാങ്ക് സി.ഇ.ഒയെ താന്‍ കണ്ടിട്ടില്ലെന്നും ഷെട്ടി വാദിച്ചിരുന്നു.

എന്നാല്‍, ഷെട്ടിയുടെ വാദങ്ങളെ തള്ളിക്കളയുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. ഇതില്‍, 2020 മെയില്‍ ഷെട്ടി സ്വന്തം ഇ-മെയില്‍ അക്കൗണ്ടില്‍ നിന്ന് അയച്ച ഒരു കത്തും ഉള്‍പ്പെടുന്നു. ഈ കത്തില്‍ അദ്ദേഹം ഗ്യാരണ്ടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമ്മതിക്കുകയും രേഖകള്‍ പരിശോധിക്കാന്‍ സമയം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ, ഷെട്ടിയുടെ ഒപ്പ് വ്യാജമല്ലെന്ന് കൈയക്ഷര വിദഗ്ദ്ധരും കോടതിയെ അറിയിച്ചു.

ഷെട്ടി കോടതിയില്‍ ഹാജരായി നുണകള്‍ ആവര്‍ത്തിക്കുകയാണെന്ന് ജസ്റ്റിസ് മോറന്‍ തന്റെ 70 ഖണ്ഡികകളുള്ള വിധിന്യായത്തില്‍ എഴുതി. വിധിപ്രകാരം, കേസിന്റെ വിധി വരുന്നതുവരെയുള്ള പലിശ ഉള്‍പ്പെടെ 45,997,554.59 ഡോളറാണ് ഷെട്ടി എസ്.ബി.ഐക്ക് നല്‍കേണ്ടത്. പൂര്‍ണ്ണമായി അടച്ചുതീര്‍ക്കുന്നതുവരെ പ്രതിവര്‍ഷം 9% അധിക പലിശയും നല്‍കണം. 4 ബില്യണ്‍ ഡോളറിലധികം മറച്ചുവെച്ച കടം വെളിപ്പെട്ടതിനെ തുടര്‍ന്ന് 2020-ല്‍ എന്‍എംസി ഹെല്‍ത്ത് കെയര്‍ തകര്‍ച്ചയിലേക്ക് പോയതിലെ ഏറ്റവും പുതിയ നിയമനടപടിയാണ് ഈ വിധി.