ഓഹരി ട്രേഡിങ്ങില്‍ ഉണ്ടായ സാമ്പത്തിക നഷ്ടം നികത്താനായി മോഷണത്തിനിടെ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരന്റെ ഭാര്യ അറസ്റ്റില്‍. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട കീഴ്വായ്പൂര്‍ പുളിമല സ്വദേശിനി ലതാകുമാരി (61) ആണ് മരിച്ചത്.
പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അയല്‍വാസിയായ സുമയ്യ ആണ് ഈ ക്രൂരകൃത്യം ചെയ്തത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു.ഒക്ടോബര്‍ 9-നായിരുന്നു സംഭവം. ആശാപ്രവര്‍ത്തകയായിരുന്ന ലതാകുമാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സുമയ്യ മോഷണം നടത്താന്‍ ശ്രമിച്ചു. ഈ സമയം സ്വര്‍ണം നല്‍കാന്‍ ലതാകുമാരി വിസമ്മതിച്ചതിനെ തുടര്‍ന്ന് സുമയ്യ അവരെ ആക്രമിക്കുകയായിരുന്നു.

ലതാകുമാരിയുടെ കഴുത്തില്‍ തുണിചുറ്റി കൊല്ലാന്‍ ശ്രമിക്കുകയും മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്ത ശേഷം പ്രതി വീടിന് തീ കൊളുത്തുകയായിരുന്നു. ആദ്യം തീപ്പിടിത്തമാണെന്ന് സംശയിച്ചെങ്കിലും, പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് കണ്ടെത്തിയത്

കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് സുമയ്യ. ഓഹരി ട്രേഡിങ്ങിലെ നഷ്ടം നികത്താനാണ് താന്‍ മോഷണത്തിന് മുതിര്‍ന്നതെന്ന് സുമയ്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഓഹരി ട്രേഡിങ് ഇടപാടുകളും ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നെടുത്ത വായ്പകളുമായി സുമയ്യക്ക് 50 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നതായി പറയുന്നു.
