ദുബൈ, അബുദാബി സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ എയര്‍ ഇന്ത്യ;പ്രവാസികളുടെ യാത്രാദുരിതത്തിന് ആശ്വാസം

മുഖ്യമന്ത്രിയുടെനേതൃത്വത്തില്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ദുബൈ, അബുദാബി സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ച് എയര്‍ ഇന്ത്യ. തിരുവനന്തപുരം ദുബൈ സര്‍വീസുകള്‍ 28 മുതലും തിരുവനന്തപുരം അബുദാബി സര്‍വീസ് ഡിസംബര്‍ മൂന്ന് മുതലും ആരംഭിക്കും. തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ ഉണ്ടാവും.

എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ മാര്‍ച്ച് 26 വരെയുള്ള ശീതകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്ന് ദുബായ്, അബുദാബി സെക്ടറുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ കുറച്ചിരുന്നു. മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സര്‍വീസുകള്‍ വേഗത്തില്‍ പുനരാരംഭിക്കാന്‍ ധാരണയായിരുന്നു.

ഒക്ടോബർ 28 മുതൽ ദുബൈ സർവീസുകൾ ആഴ്ചയിൽ നാല് ദിവസം നടത്തും, ഡിസംബർ മൂന്ന് മുതൽ അബുദാബിയിലേക്കുള്ള വിമാനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തും.

കൂടാതെ, കേരളത്തിന്റെ വിമാന സർവീസ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി തിരുവനന്തപുരം റൂട്ടിൽ ബിസിനസ് ക്ലാസ് കോൺഫിഗറേഷനുള്ള വിമാനങ്ങൾ ദിവസേന മൂന്ന് തവണ സർവീസ് നടത്തുമെന്നും ഉറപ്പു നൽകിയതായി അദ്ദേഹം അറിയിച്ചു.

ഈ തീരുമാനം പ്രവാസികളുടെ യാത്രാദുരിതത്തിന് ആശ്വാസമേകുന്നതാണ്.ശീതകാല ഷെഡ്യൂളിലാണ് സർവീസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.