പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. തിരിച്ചടി എന്താവും?

പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. പക്തിക പ്രവിശ്യയിലെ ഉർഗുൻ ജില്ലയിൽ നിന്നുള്ള കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നീ മൂന്ന് ക്രിക്കറ്റ് താരങ്ങളാണ് പാക് ആക്രമണത്തിൽ മരിച്ചത്. സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാൻ കളിക്കാർ പക്തിക പ്രവിശ്യയുടെ തലസ്ഥാനമായ ഷരണയിലേക്ക് പോകുമ്പോഴാണ് കൊല്ലപ്പെട്ടത്.

ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ കായിക സമൂഹത്തിനും, കായികതാരങ്ങൾക്കും, ക്രിക്കറ്റ് കുടുംബത്തിനും ഇത് വലിയ നഷ്ടമാണെന്ന് എസിബി പറഞ്ഞു. സംഭവത്തെ തുടർന്ന് നവംബർ അവസാനം പാക്കിസ്ഥാൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽ പങ്കെടുക്കുന്നതിൽ നിന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിന്മാറാൻ തീരുമാനിച്ചതായും അറിയിച്ചു.

പാക് വ്യോമാക്രമണം സാധാരണക്കാരുടെ വീടുകളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് പ്രാദേശിക അഫ്ഗാൻ ഉദ്യോഗസ്ഥർ പറഞ്ഞു. “സാധാരണ ജനങ്ങളുടെ മരണനിരക്ക് വളരെ കൂടുതലാണ്. ഇന്നല വ്യോമാക്രമണങ്ങളുടെ എണ്ണം വർധിച്ചു. ഇതിനകം 170 പേർക്ക് പരുക്കേറ്റു, 40 പേർ മരിച്ചു,” സ്പിൻ ബോൾഡാക്കിലെ പൊതുജനാരോഗ്യ വിഭാഗം മേധാവി കരിമുള്ള സുബൈർ ആഘയെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.