പല കാര്യങ്ങളും തനിക്കറിയാമെന്നും അതൊക്കെ തുറന്നുപറഞ്ഞാല്‍ താങ്ങാനാവില്ലെന്നും നടി റിനി ജോര്‍ജ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നാലെ, സിപിഎം പരിപാടിയില്‍ പങ്കെടുത്തതിനെതിരെ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. താന്‍ ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുന്നവര്‍ ആര്‍ക്കൊപ്പം അതു നടത്തിയെന്ന് വ്യക്തമാക്കണം. അതു തെളിയിച്ചാല്‍ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തയാറാണെന്നും റിനി പറഞ്ഞു. പറവൂരില്‍ സിപിഎം നേതാവ് കെജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച യോഗത്തില്‍ റിനിയും പങ്കെടുത്തിരുന്നു. യോഗത്തില്‍ വച്ച് റിനിയെ ഷൈന്‍ സിപിഎമ്മിലേക്ക് ക്ഷണിക്കുകയും ചെയ്തു.

താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായല്ല പരിപാടിയില്‍ പങ്കെടുത്തതെന്ന് റിനി പറഞ്ഞു. ‘സ്ത്രീപക്ഷ നിലപാടാണ് എനിക്ക്. അതു സംസാരിക്കുന്നതിനു വേദിയൊരുങ്ങിയപ്പോളാണ് പോയി സംസാരിച്ചത്. ഇനിയും അത്തരം വേദികളില്‍ പോകും. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. സിപിഎം വേദിയില്‍ പോയത് വിവാദമാക്കേണ്ട ആവശ്യമില്ല. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരായ പരിപാടി ആയിരുന്നു. ഒരു പാര്‍ട്ടിക്കെതിരെയും അവിടെ ഞാന്‍ സംസാരിച്ചിട്ടില്ല. ഇത്തരം പരിപാടിയിലേക്ക് ആരു ക്ഷണിച്ചാലും പോകും’ റിനി പറഞ്ഞു.

പ്രസ്ഥാനത്തെ സ്നേഹിക്കുന്നതു കൊണ്ടാണ് ഇങ്ങനെ പിടിച്ചു നില്‍ക്കുന്നത്. താന്‍ ആര്‍ക്കൊപ്പം ഗൂഢാലോചന നടത്തി എന്ന് ആരോപണം ഉന്നയിക്കുന്നവര്‍ വ്യക്തമാക്കണം റിനി പറഞ്ഞു. ”എനിക്ക് പല കാര്യങ്ങളും അറിയാം. ഇതുപോലെ ആക്രമിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ അതെല്ലാം തുറന്നു പറയും. അതിന്റെ പ്രത്യാഘാതം താങ്ങില്ല എന്ന് ഓര്‍മിപ്പിക്കുന്നു” റിനി പറഞ്ഞു. നിലവില്‍ ഒരു സ്ഥലത്തും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഇരകള്‍ അപഹാസ്യരാകുന്ന അവസ്ഥയാണ് കാണുന്നത്. താന്‍ നല്കിയ പരാതിയില്‍ എടുത്ത കേസില്‍ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
