ശബരിമല സ്വർണ്ണപ്പാളി വിവാദം :തന്റെ വീട്ടിൽ ഇത്തരത്തിൽ പൂജ നടന്നിട്ടില്ലെന്ന് നടൻ ജയറാം

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ ചടങ്ങ് സംഘിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ജയറാം. ദൃശ്യങ്ങളിലുള്ളത് തന്റെ വീടല്ലെന്നും തന്റെ വീട്ടിൽ ഇത്തരത്തിൽ പൂജ നടന്നിട്ടില്ലെന്നും ജയറാം പറഞ്ഞതായി ഏഷ്യാനെറ്റ് ചാനൽ റിപ്പോർട്ട് ചെയ്‌തു . ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചത് പ്രകാരമാണ് പൂജയ്ക്ക് പോയതെന്നും നടൻ പറഞ്ഞു

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വെച്ച് കണ്ടുള്ള പരിചയമാണ്. ശബരിമലയിലെ വാതിൽ എന്നാണ് പറഞ്ഞത്. അമ്പത്തൂരിലെ ഫാക്ടറിയിൽ ആയിരുന്നു ചടങ്ങ്. വീരമണിയെ ക്ഷണിച്ചത് താൻ ആണ്. മഹാഭാഗ്യം ആയാണ് അന്ന് കരുതിയത്. പണപ്പിരിവ് ശ്രദ്ധയിൽ പെട്ടിട്ടില്ല”. അങ്ങനെയുള്ള കാര്യങ്ങൾ അറിവില്ല- ജയറാം പറഞ്ഞു.

ജയറാം ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിനെത്തിയരുന്നു. 2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശബരിമലയിലെ ശ്രീകോവിലിൻറെ വാതിൽ കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദർശനം സംഘടിപ്പിച്ചത്.2019-ൽ ഉണ്ണികൃഷ്ണൻ പോറ്റി സംഘടിപ്പിച്ച പരിപാടിയുടെ ദൃശ്യങ്ങളാണ് വെള്ളിയാഴ്ച പുറത്തുവന്നത്.

അതേസമയം, ശബരിമല സ്വർണപ്പാളിയുടെ സ്‌പോൺസർമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കൊള്ള പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. മുൻ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടനിലക്കാരൻ. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.