കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ വേർപാടിന് ഇന്നേക്ക് ഒരാണ്ട് തികയുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ വിളിക്കാതെ എത്തിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ആക്ഷേപിച്ചതിനെത്തുടർന്ന് ആദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. 2024 ഒക്ടോബർ 14-ന് കളക്ടറേറ്റിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ക്ഷണിക്കാതെയെത്തി അധിക്ഷേപകരമായ രീതിയിൽ പ്രസംഗിച്ചിരുന്നു.പിറ്റേന്ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വർട്ടേഴ്സിൽ വ്വീണ് ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

എഡിഎമ്മിന്റെ ആത്മഹത്യ സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയതോടെ പി.പി. ദിവ്യയെ ഏക പ്രതിയാക്കി പൊലീസ് ആത്മഹത്യാപ്രേരണ കേസ് എടുത്തിരുന്നു.
കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജി തലശേരി അഡീഷനൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. ഡിസംബർ 16ന് ദിവ്യയോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ദുഃഖങ്ങൾ സ്വകാര്യമായി സൂക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. മനുഷ്യത്വമുള്ള കേരള ജനത മുഴുവൻ തങ്ങൾക്ക് ഒപ്പം നിന്നുവെന്നും ക്രിസ്ത്യൻ സഭകളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മാധ്യമങ്ങളുടയുമെല്ലാം പിന്തുണ ആശ്വാസമായെന്നും മഞ്ജുഷ പറഞ്ഞു. എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
