അയ്യപ്പസംഗമത്തിൽ യോഗിയുടെ ആശംസകൾ;ധര്‍മ്മത്തിന്റെ സംരക്ഷകനാണ് ഭഗവാന്‍ അയ്യപ്പൻ ;ബിജെപി വെട്ടിലായി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ആശംസകള്‍ നേര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രി വി.എന്‍. വാസവന് അയച്ച കത്തിലാണ് യോഗി ആശംസകള്‍ നേര്‍ന്നത്.

സംഗമത്തില്‍ വാസവന്‍ ഇത് വായിച്ചു.ധര്‍മ്മത്തിന്റെ സംരക്ഷകനാണ് ഭഗവാന്‍ അയ്യപ്പനെന്ന് യോഗി പറഞ്ഞു. അയ്യപ്പനെ ആരാധിക്കുന്നത് സന്മാര്‍ഗ്ഗ ജീവിതത്തിന്റെ പാതയ്ക്ക് വെളിച്ചം വീശുകയും, ഭക്തര്‍ക്ക് മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു.

സമൂഹത്തില്‍ സൗഹാര്‍ദ്ദം, ഐക്യം എന്നിവ ശക്തിപ്പെടുത്തുന്നതിന് പുരാതന ഭാരതീയ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സംഗമം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പൂര്‍ണ്ണമായി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം കത്തില്‍ കുറിച്ചു.

യോഗി ആദിത്യനാഥ് അയ്യപ്പ സംഗമത്തിനു ആശംസകൾ നേര്‍ന്നതോടെ വെട്ടിലായത് കേരളത്തിലെ ബിജെപി നേതൃത്വം ആണ് .സിപിഎം നടത്തുന്ന അയ്യപ്പ സംഗമത്തെ ബഹിഷ്കരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.