ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന് ;കഴിഞ്ഞ വർഷം മിഥുൻ ചക്രവർത്തിക്കായിരുന്നു

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായ ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രമുഖ നടൻ മോഹന്‍ലാലിന്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.2023ലെ ഫാല്‍ക്കെ പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്.

ഇന്ത്യന്‍ സിമിനയ്ക്ക് നല്‍കിയ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്. വാര്‍ത്ത വിതരണ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.മുൻവർഷത്തെ പുരസ്‌കാരം മിഥുൻ ചക്രവർത്തിക്കായിരുന്നു. മോഹൻലാലിന്റെ സിനിമ യാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം എക്സ് പോസ്റ്റിൽ പറഞ്ഞു.

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹിബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ ഭാരത സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണിത്.

മലയാളിയായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് 2004-ല്‍ ഈ പുരസ്‌കാരം ലഭിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ദേശീയചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ വാക്കുകൾ

“ശ്രീ മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകൾ നീണ്ട സവിശേഷമായ കലാസപര്യയിലൂടെ, മലയാള സിനിമയിലും നാടകത്തിലും പ്രമുഖ വ്യക്തിത്വമായി നിലകൊള്ളുന്ന അദ്ദേഹത്തിന്, കേരള സംസ്കാരത്തിൽ തീവ്രമായ അഭിനിവേശമുണ്ട്.തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ചലച്ചിത്ര- നാടകമാധ്യമങ്ങളിലുടനീളമുള്ള അദ്ദേഹത്തിന്റെ വൈഭവം യഥാർത്ഥ പ്രചോദനമാണ്.

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെ.”