‘പച്ചക്കള്ളം പറയുന്നു’ എന്ന പരാമര്‍ശം പ്രതിപക്ഷ നേതാവ് പിന്‍വലിച്ചു;നടപടിയെ സ്പീക്കര്‍ പ്രശംസിച്ചു

കേരള നിയമസഭയിലെ വിലക്കയറ്റ ചര്‍ച്ചയ്ക്കിടെ ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനെതിരെ നടത്തിയ ‘പച്ചക്കള്ളം പറയുന്നു’ എന്ന പരാമര്‍ശം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്‍വലിച്ചു. തന്റെ ഭാഗത്തുണ്ടായ തെറ്റ് അംഗീകരിച്ച സതീശന്‍, പ്രസ്തുത വാക്ക് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. മന്ത്രിയോടും നിയമസഭയോടും ക്ഷമാപണം നടത്തുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

മന്ത്രി ജി ആര്‍ അനില്‍ പച്ചക്കള്ളം പറഞ്ഞു എന്ന് പറഞ്ഞത് പ്രകോപനം കൊണ്ടാണ്. പ്രസംഗിച്ചില്ലെന്ന് പറഞ്ഞത് ഓര്‍മ കുറവായിരുന്നു എന്നും സതീശന്‍ പറഞ്ഞു. പച്ചക്കള്ളം എന്ന് പറഞ്ഞത് അണ്‍ പാര്‍ലമെന്ററിയാണ്. അതു തിരിച്ചറിഞ്ഞ് സ്പീക്കര്‍ക്ക് എഴുതി നല്‍കിയിരുന്നു. വാസ്തവ വിരുദ്ധം എന്നായിരുന്നു പറയേണ്ടിയിരുന്നത്. സഭ രേഖകളില്‍ നിന്ന് പച്ചക്കള്ളം എന്ന പ്രയോഗം ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ, വിഡി സതീശന്‍ പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തുകൊണ്ട് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുവെന്ന് മന്ത്രി ജി ആര്‍ അനില്‍ സഭയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. താന്‍ പറയാത്ത ഒരു കാര്യം മന്ത്രി നിയമസഭയില്‍ പറഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ‘മന്ത്രി പച്ചക്കള്ളം പറയുന്നു’ എന്ന് പറഞ്ഞതെന്ന് സതീശന്‍ പിന്നീട് വിശദീകരിച്ചു. താന്‍ സപ്ലൈകോയുടെ പ്രസക്തിയെക്കുറിച്ചാണ് സംസാരിച്ചത്. സര്‍ക്കാരിനെ പുകഴ്ത്തിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

വിഡി സതീശന്റെ പരാമര്‍ശത്തിന് പിന്നാലെ, സഭയിലെ മുതിര്‍ന്ന അംഗമായ മാത്യു ടി തോമസ്, പച്ചക്കള്ളം പറയുന്നു എന്ന പ്രയോഗം പാര്‍ലമെന്ററി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചു. ‘വസ്തുതാവിരുദ്ധം’ എന്നാണ് ശരിയായ പ്രയോഗമെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് പരാമര്‍ശം പിന്‍വലിച്ചത്.

അതേസമയം പ്രതിപക്ഷ നേതാവിന്റെ നടപടിയെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രശംസിച്ചു. പ്രതിപക്ഷ നേതാവ് പരാമര്‍ശം തിരുത്തിയത് അനുകരണീയ മാതൃകയാണ്. എല്ലാവരും പിന്തുടരേണ്ടതാണ്. പ്രകോപിതരായി പറഞ്ഞുപോകുന്നതില്‍ തെറ്റ് കണ്ടാല്‍ തിരുത്തുന്നത് അനുകരണീയ മാതൃകയാണെന്നും സ്പീക്കര്‍ പറഞ്ഞു.