വനിതാ കമ്മീഷൻ അദാലത്തിൽ 21 പരാതികൾ തീർപ്പാക്കി
സ്ത്രീകൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ സൗജന്യ കൗൺസിലിംഗ് ശക്തമാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. എറണാകുളം വൈ എം സി എ ഹാളിൽ നടന്ന ജില്ലാതല അദാലത്തിന് നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു അധ്യക്ഷ.
രണ്ടുദിവസങ്ങളിലായി നടക്കുന്ന ജില്ലാതല അദാലത്തിന്റെ ആദ്യദിനം 21 പരാതികൾ തീർപ്പാക്കി. 80 പരാതികളാണ് പരിഗണിച്ചത്. 5 പരാതികളിൽ റിപ്പോർട്ട് തേടുകയും 54 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെക്കുകയും ചെയ്തു. ബുധനാഴ്ചയും(17) അദാലത്ത് തുടരും.

കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീ ദേവിയുടെ നേതൃത്വത്തിൽ വൈ എം സി എ ഹാളിൽ ഹാളിൽ നടന്ന അദാലത്തിൽ നിന്ന്
കുടുംബ ബന്ധങ്ങളുടെ തകർച്ച സ്ത്രീകളെ ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ നിലവിലുണ്ട്. കുടുംബ ബന്ധങ്ങൾ ആരോഗ്യകരമാക്കുന്നതിനും പ്രതിസന്ധികളെ ധീരമായി നേരിടുന്നതിനും അവബോധം സൃഷ്ടിക്കുന്നതിന് കമ്മീഷൻ്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ മുഖാമുഖ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ചെയർ പേഴ്സൺ പറഞ്ഞു. സ്ത്രീകൾ അനുഭവിക്കുന്ന എല്ലാ തരത്തിലുമുള്ള മാനസിക പ്രശ്നങ്ങൾക്കും കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ വനിതാ കമ്മീഷൻ റീജിയണൽ ഓഫീസിൽ എല്ലാ മാസവും ഒൻപത് ദിവസങ്ങളിലായി കൗൺസിലിങ് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തോടെ തൊഴില്‍ ചെയ്യാന്‍ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2013 ൽ നിലവിൽ വന്ന പോഷ് ആക്ട് ( പ്രൊട്ടക്ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഇന്‍ വര്‍ക്ക്‌പ്ലെയ്‌സ്) അനുശാസിക്കുന്ന പ്രശ്‌ന പരിഹാര സംവിധാനം (ഇന്റേണൽ കമ്മിറ്റി) കാര്യക്ഷമമാക്കണം. പല സ്ഥാപനങ്ങളിലും ഇത്തരം ഇൻ്റേണൽ കമ്മിറ്റികളുടെ ഘടന, നിയമം അനുശാസിക്കുന്ന രീതിയിലല്ല. ഇത്തരം കമ്മിറ്റികൾ സ്ഥാപനങ്ങളിൽ ഉള്ളതായി തൊഴിൽ ചെയ്യുന്നവർക്ക് പോലും അറിവില്ല. ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാങ്കിംഗ് സ്ഥാപനങ്ങളിലും നിലവിൽ പരിശോധന നടന്നു വരികയാണെന്നും ചെയർപേഴ്സൺ പറഞ്ഞു.

സ്ത്രീകൾ സാമ്പത്തിക തട്ടിപ്പിന് ഇരകളാക്കുന്ന സാഹചര്യം വർദ്ധിച്ചു വരുന്നുണ്ട് . ഇത്തരത്തിൽ സ്ത്രീകളെ തട്ടിപ്പിനിരയാക്കുന്ന സ്ഥാപനങ്ങളോട് ഹാജരാകാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.കുടുംബശ്രീ പോലുള്ള സംവിധാനങ്ങൾ വഴിയോ നിയമപരമായ മാനദണ്ഡങ്ങൾക്ക് വിധേയമായോ മാത്രം കടം വാങ്ങാൻ ശ്രദ്ധിക്കണം.
അദാലത്തിൽ വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. കുഞ്ഞായിഷ അഡ്വ. എലിസബത്ത് മാമൻ മത്തായി, അഡ്വ. മഹിളാ മണി, അഡ്വ ഇന്ദിര രവീന്ദ്രൻ, ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഭിഭാഷകരായ അഡ്വ. രാജേഷ്, അഡ്വ സ്മിതാ ഗോപി, അഡ്വ അമ്പിളി എന്നിവർ പങ്കെടുത്തു.
