പുതിയ കാലത്ത് വാർത്ത മാധ്യമങ്ങൾ എന്താണ് സമൂഹത്തെ പഠിപ്പിക്കുന്നതെന്ന് പ്രമുഖ പത്രപ്രവർത്തകൻ ആർ. രാജഗോപാൽ.
നേര് നേരായി അറിയിക്കാൻ ഇന്ന് പത്രങ്ങൾക്ക് കഴിയുന്നുണ്ടോ? അത് എന്തിന്റെ ലക്ഷണമാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു സമൂഹ നിർമിതി നിർമിച്ചെടുക്കുന്നത് ഏത് സാഹചര്യത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു കണ്ണൂർ ചേമ്പർ ഹാളിൽ നടന്ന ‘ജനാധിപത്യം :പ്രതീക്ഷയും ആശങ്കയും ” എന്ന സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ ആഹാരം കഴിക്കുന്നതിന്റെ പേരിൽ വീട് കയറി ആക്രമിക്കുന്നതിനെ എല്ലാ ടൂളും ഉപയോഗിച്ച് അവതരിപ്പിക്കുവാൻ ഇന്ന് മാധ്യമങ്ങൾക്ക് കഴിയുന്നില്ല. ജനാധിപത്യത്തെ ഫാസിസം കീഴടക്കിയെന്നതിന്റെ ലക്ഷണമാണ് അത്.നിലവിലുള്ള ജനാധിപത്യ സംവിധാനത്തിന് മാധ്യമങ്ങളെ സംരക്ഷിക്കുവാൻ കഴിയുന്നില്ല, ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് .മാധ്യമങ്ങൾ ജനാധിപത്യത്തെയല്ല, ജനാധിപത്യമുള്ളിടത്തേ മാധ്യമങ്ങൾക്ക് നിലനിൽപ്പുള്ളൂവെന്നതാണ്, ഇന്ന് രാജ്യം നേരിടുന്ന ഭീഷണി ഇത് തന്നെയാണ്.
ജനാധിപത്യത്തിന്റെ ഗ്രാഫ് ഇന്ത്യയിൽ കുത്തനെ താഴുകയാണ്. ഇന്ത്യൻ മാധ്യമ പ്രവർത്തനത്തിന്റെ ഗ്രാഫും അതോടൊപ്പം താഴുന്നു.

ഇന്നലെ അവർ ചെയ്തത് ഇന്ന് ഇവർ തുടരുകയാണ്, പക്ഷെ നാം ഇപ്പോഴും ഹിറ്റ്ലർ, മുസ്സോളിനി എന്ന് മാത്രം പറഞ്ഞുവരുന്നു.2014ന് ശേഷം രാജ്യത്ത് ഒരു ഇമ്പാക്ട് ഉണ്ടാക്കിയ വാർത്ത എഴുതപ്പെട്ടിട്ടില്ല. ഇത് കാണിക്കുന്നത് ജനാധിപത്യത്തിന്റെ അപചയമാണ്.

മാധ്യമങ്ങൾക്ക് ഒരു തിരുത്തൽ നിലപാട് ഇല്ല. വായനക്കാർ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നുമില്ല.ചടങ്ങിൽ നികേഷ് കുമാർ, എൻ. മാധവൻകുട്ടി, ജ്യോതിർഘോഷ്, സംഘടക സമിതി ചെയർമാൻ കെ.വി സുമേഷ് എംഎൽഎ, വൈസ് ചെയർമാൻ ടി.പി നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്. ആർ ശക്തിധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. ആർ രാജ്മോഹൻ സ്വാഗതവും ഇ. എം രഞ്ജിത്ത് ബാബു നന്ദിയും പറഞ്ഞു.
