നിങ്ങളുടെ പഞ്ചായത്തിന്റെ അല്ലെങ്കിൽ മുൻസിപ്പാലിറ്റിയുടെ ഭരണസമിതി എങ്ങനെയുണ്ടായിരുന്നു?

ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ചില കാര്യങ്ങൾ പരിശോധിക്കാം.പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി ഭരണ സമിതിയെ കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് കഴിഞ്ഞ അഞ്ചുവർഷക്കാല കാലയളവിൽ നിങ്ങളുടെ ഗ്രാമസഭ/ വാർഡ് സഭ വിളിച്ചുകൂട്ടിയപ്പോൾ നിങ്ങൾ പങ്കെടുത്തുവോ? നിങ്ങളുടെ വിലയേറിയ അഭിപ്രായം ഗ്രാമസഭയിൽ രേഖപ്പെടുത്തിയോ ?

പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ നിങ്ങളുടെ സംഭാവന എന്താണെന്ന് സ്വയം വിലയിരുത്തിയോ? അതൊക്കെ പോട്ടെ… ഒരു ഗ്രാമസഭയിലെങ്കിലും നിങ്ങൾ പങ്കെടുത്തിട്ടുണ്ടോ…?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഗ്രാമസഭ കൂടുതൽ അധികാരം ഉള്ളതും, പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുവാൻ കെൽപ്പുള്ളതുമാണ്. എന്നാൽ അത്തരം അധികാരത്തെ തിരിച്ചറിയാതെ, ജനാധിപത്യ ഭരണ നിർവഹണത്തിൽ പങ്കെടുക്കാതെ ഭരണസമിതിയെ മാത്രം വിമർശിക്കുന്നത് തെറ്റാണ്….

കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ നിങ്ങളുടെ ഭരണസമിതിക്കുണ്ടായ കോട്ടങ്ങൾ ഓരോ വർഷവും സർക്കാർ ഓഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത്തരം ഓഡിറ്റഡ് റിപ്പോർട്ട് ഗ്രാമസഭയിൽ ചർച്ചയ്ക്ക് വയ്ക്കേണ്ടതാണ്.

ചർച്ച ചെയ്തിട്ടില്ലെങ്കിൽ അത് വോട്ടർ ആയ നിങ്ങളുടെ പിഴവാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഉണ്ടായ പോരായ്മകൾ ഓഡിറ്റഡ് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ടാവും. അത്തരം റിപ്പോർട്ട് https://ksad.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റികളുടെയും കോർപ്പറേഷനുകളുടെയും ഓഡിറ്റഡ് റിപ്പോർട്ട്‌ ലഭ്യമാണ്. വായിച്ചു നോക്കുക. ഭരണസമിതിയുടെ പ്രവർത്തനങ്ങൾ വോട്ടർമാരായ നിങ്ങൾക്ക് വിലയിരുത്തുവാൻ സാധിക്കും.

തയ്യാറാക്കിയത്

Adv. K. B Mohanan
9847445075