ശബരിമല ദ്വാരപാലക ശിൽപ്പങ്ങളില്‍ സ്വർണം പൂശൽ; ഗുരുതര വീഴ്ച.

ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര ശ്രീകോവിലിന്‍റെ ഇരുഭാഗങ്ങളിലുമുള്ള ദ്വാരപാലക ശിൽപ്പങ്ങളില്‍ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ദുരൂഹമായ രീതിയിൽ ഗോൾഡ്പ്ലേറ്റിങ്ങിനായി സ്വര്‍ണം പതിച്ച ചെമ്പുപാളികൾ കൊണ്ടുപോയതിലെ ക്രമക്കേടുകൾ വിശദമായി അന്വേഷിക്കണമെന്ന മുൻ ഉത്തരവ് കോടതി ആവർത്തിക്കുകയും ചെയ്തു.

2019ൽ ശബരിമലയിൽ നിന്ന് ഈ വസ്തുക്കൾ കൊണ്ടു പോയി ഒരു മാസവും 9 ദിവസവും കഴിഞ്ഞാണ് ഗോൾഡ്പ്ലേറ്റ് ചെയ്യാനായി ചെന്നൈയിലെ സ്ഥാപനത്തിൽ ഏൽപ്പിക്കുന്നത്. സ്വര്‍ണം പൂശിയ ചെമ്പുപാളികൾ ചെന്നൈയിലേക്കു കൊണ്ടുപോകുമ്പോള്‍ ദേവസ്വം ഉദ്യോഗസ്ഥരാരെങ്കിലും അനുഗമിച്ചതായി രേഖകളിൽ കാണുന്നില്ല.ഗോൾഡ്പ്ലേറ്റിങ് സ്പോൺസർ ചെയ്തയാള്‍ക്ക് ഇക്കാര്യങ്ങളിലുള്ള പങ്കും ലക്ഷ്യവും വിശദമായി പരിശോധിക്കണമെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ സത്യസന്ധതയ്ക്കും സുതാര്യതയ്ക്കുമാണ് ഈ ഗൗരവകരമായ ക്രമക്കേടുകൾ മങ്ങലേൽപ്പിച്ചിരിക്കുന്നതെന്ന് ഇടക്കാല ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.ശബരിമലയിൽ നിന്നു കൊണ്ടുപോയ വസ്തുക്കള്‍ ചെന്നൈയിലെത്തി പരിശോധിക്കുമ്പോൾ നാലര കിലോയോളം തൂക്കം കുറവുണ്ടായിരുന്നു. ലാഘവത്തോടെയും ഒട്ടും സുരക്ഷിതമല്ലാതെയുമാണ് സ്പോൺസറെ ഈ വസ്തുക്കൾ ഏൽപ്പിച്ചു വിട്ടത്.

ഒരു മാസത്തോളം നീണ്ട, വിശദീകരിക്കാൻ കഴിയാത്ത കാലതാമസം ചെന്നൈയിലെ സ്ഥാപനത്തിൽ എത്തിക്കുന്നതിൽ ഉണ്ടായി. സ്വർണപാളികൾ ഘടിപ്പിച്ച ചെമ്പു പാളികൾ ചെന്നൈയിലേക്ക് കൊണ്ടു പോകുമ്പോൾ വെറും ‘ചെമ്പുപാളികൾ’ എന്നു മാത്രം രേഖപ്പെടുത്തി.തിരിച്ചുകൊണ്ടു വന്നു ദ്വാരകപാലക ശിൽപങ്ങളിൽ ഘടിപ്പിക്കുമ്പോൾ അവയുടെ ഭാരം എത്രയെന്നു കണക്കാക്കിയില്ല. ഒരു പക്ഷേ ഇത് മനഃപൂർവമായിരിക്കാം. ഇതെല്ലാം വിരൽ ചൂണ്ടുന്നതു ദേവസ്വം ബോർഡിൻ്റെ വീഴ്ചകളാണ്.

2019ൽ ബെംഗളൂരു സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭ്യര്‍ഥന പ്രകാരമാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ ‘ചെമ്പുപാളികൾ’ ഇളക്കിയെടുത്ത് ‘ഗോൾ‍ഡ്പ്ലേറ്റിങ്ങി’നായി ചെന്നൈയിലേക്കു കൊണ്ടു പോയത്. ഇത് ഇളക്കിയെടുക്കുന്ന സമയത്ത് ശബരിമലയിലെ മറ്റ് ഉദ്യോഗസ്ഥരെല്ലാം ഉണ്ടായിരുന്നെങ്കിലും വിജിലൻസ് ഓഫീസർ ഉണ്ടായിരുന്നില്ല.

ഇത് ഇളക്കി എടുത്തപ്പോൾ 12 കഷ്ണങ്ങളായി 25.400 കിലോഗ്രാമും പീഠത്തിന്‍റെ ഭാരം 17.400 കിലോഗ്രാമും ഉൾപ്പെടെ ആകെ 42.800 കിലോഗ്രാം ആയിരുന്നു ആകെ ഭാരം. എന്നാൽ അവിടെ എത്തിച്ച് ഒരു മാസത്തിനു ശേഷം നോക്കുമ്പോൾ 38.258 കിലോഗ്രാമായിരുന്നു ഭാരം.4.14 കിലോഗ്രാം കുറവ്. അവിടെ നിന്ന് ഗോൾഡ്പ്ലേറ്റിങ് നടത്തിയ ശേഷമുള്ള തൂക്കം 38.653 കിലോഗ്രാം. 1999ൽ തന്നെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണപ്പാളികൾ ഘടിപ്പിച്ചിരുന്നു എന്നത് വ്യക്തമാണെന്നും പരമ്പരാഗത രീതിയിലാണ് ഇത് ചെയ്തത് എന്നതിനാൽ കൂടുതൽ സ്വർണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.