റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ രാജിവച്ചു.

മേയർ ആര്യാ രാജേന്ദ്രൻ രാജി ആവശ്യപ്പെടുകയായിരുന്നു. സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎല്‍എ അറിയിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ മുട്ടത്തറ വാർഡിൽ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം പാസായതിന് പിന്നാലെയാണ് പ്രദേശവാസികളോട് മുട്ടത്തറ കൗണ്‍സിലറും സിപിഎം പ്രദേശിക നേതാവുമായ ബി രാജേന്ദ്രന് ഒരു ലക്ഷം രൂപ കമ്മീഷന് ചോദിച്ചത്.

റോഡിന്റെ ഉപഭോക്താക്കളെ പണം കൊടുക്കാന്‍ തുടര്‍ച്ചയായി അദ്ദേഹം നിര്‍ബന്ധിക്കുകയായിരുന്നു. സമീപവാസി എന്ന നിലയിൽ സമീപിച്ച ചാനൽ റിപ്പോർട്ടറിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് മേയറും പാർട്ടി ജില്ലാ സെക്രട്ടറിയും നടപടിയെടുത്തത്.