ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു; ഉപഭോക്താവിന് 1,71,908/- രൂപ നഷ്ടപരിഹാരം

രണ്ട് വയസ് ഉണ്ടായിരുന്നപ്പോൾ സർജറി നടത്തി എന്ന കാരണം പറഞ്ഞ് 12 വർഷങ്ങൾക്ക് ശേഷം ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചതിലൂടെ സേവനത്തിൽ വീഴ്ച വരുത്തുകയും, ആധാർമിക വ്യാപാര രീതി പിന്തുടരുകയും ചെയ്ത മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനി, ഉപഭോക്താവിന് ₹1,71,908 നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

ആലുവ സ്വദേശിയായ എം.എസ്. പ്രതാപ്, മണിപ്പാൽ സിഗ്ന ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2023 ജൂലൈ മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിലേക്ക് പരാതിക്കാരൻ മണിപ്പാൽ സിഗ്നയിൽ നിന്ന് പ്രോ-ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. പോളിസിയിൽ അദ്ദേഹത്തിൻ്റെ മകനും ഉൾപ്പെട്ടിരുന്നു.

​2024 മെയ് മാസം പരാതിക്കാരന്റെ മകനെ ബൈലാറ്ററൽ ഇഡിയോപ്പതിക് ജെനു വാൽഗം ( കാൽ മുട്ടുകൾ കൂട്ടി മുട്ടുന്ന അവസ്ഥ ) എന്ന അസുഖത്തെ തുടർന്ന് കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കായി 1,41,908 രൂപ ചെലവായി. ക്ലെയിം സമർപ്പിച്ചെങ്കിലും ഇൻഷുറൻസ് കമ്പനി അത് നിരസിച്ചു. മകന് 2 വയസ്സുള്ളപ്പോൾ സർജറി നടത്തി എന്ന വിവരം പ്രൊപ്പോസൽ ഫോമിൽ വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലെയിം നിഷേധിച്ചത്. എന്നാൽ, ഇൻഷുറൻസ് കമ്പനി തങ്ങളുടെ വാദങ്ങൾ തെളിയിക്കാൻ ആവശ്യമായ ഒരു രേഖയും ഹാജരാക്കിയില്ലെന്ന് കോടതി കണ്ടെത്തി.

​ചികിത്സാ ചെലവായ ₹1,41,908 ഉപഭോക്താവിന് തിരികെ നൽകാനും സേവനത്തിലെ വീഴ്ചക്ക് നഷ്ട പരിഹാരമായി ₹25,000 രൂപയും കോടതിച്ചെലവായി ₹5,000 രൂപയും ഉൾപ്പെടെ 171,908/- രൂപ 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി.

(തയ്യാറാക്കിയത് .Adv. K. B Mohanan
9847445075)