സ്വര്‍ണ്ണക്കടത്ത് കേസില്‍ സിനിമാനടി രന്യാ റാവുവിന് 102 കോടി പിഴയിട്ട് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡി അർ ഐ).പിഴത്തുക കൃത്യസമയത്ത് അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മാര്‍ച്ച് 3-ന് ബെംഗളൂരു കെംപഗൗഡ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വെച്ചാണ് രന്യാ റാവു അറസ്റ്റിലായത്. ദുബായിൽ നിന്ന് എത്തിയ നടിയുടെ പക്കൽ നിന്ന് 14.8 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു. നടിയുടെ അരയിലും കാലുകളിലും ബാൻഡേജ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം.
ചൊവ്വാഴ്ച ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ എത്തിയ ഡി അർ ഐ ഉദ്യോഗസ്ഥര്‍ മൂന്നുപേര്‍ക്കും 250 പേജ് വരുന്ന നോട്ടീസും 2,500 പേജ് വരുന്ന മറ്റ് രേഖകളം കൈമാറി. ഇത്രയുമധികം രേഖകളടങ്ങിയ നോട്ടീസ് തയ്യാറാക്കുന്നത് തങ്ങളെ സംബന്ധിച്ച് ഭഗീരഥ പ്രയത്‌നമായിരുന്നുവെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു.
രന്യാ റാവുവിനൊപ്പം കേസിൽ പ്രതികളായ മൂന്ന് പേർക്ക് കൂടി പിഴ ചുമത്തിയിട്ടുണ്ട്. 67.6 കിലോ സ്വര്‍ണ്ണം കടത്തിയ ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജുവിന് 63 കോടിയും, 63.61 കിലോ സ്വര്‍ണ്ണം കടത്തിയ ജ്വല്ലറി ഉടമകളായ സഹിൽ സകാരിയക്കും ഭരത് കുമാർ ജെയിനും 56 കോടി വീതവുമാണ് പിഴയിട്ടിട്ടുള്ളത്. ഇതോടെ ഈ കേസിൽ ആകെ പിഴത്തുക 270 കോടി രൂപ കവിഞ്ഞു.

ഈ കേസിൽ അറസ്റ്റിലായതിന് പിന്നാലെ രന്യാ റാവുവിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും 2.67 കോടി രൂപയുടെ പണവും കണ്ടെത്തിയിരുന്നു. വിദേശനാണ്യ വിനിമയ, കള്ളക്കടത്ത് തടയൽ നിയമപ്രകാരം ഒരു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട രന്യാ റാവു നിലവിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുകയാണ്.