വൈജ്ഞാനിക സമൂഹമായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ആഗോള പിന്തുണ ഉറപ്പാക്കാൻ പ്രവാസി പ്രൊഫഷണലുകളുമായുള്ള സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അക്കാദമിക് വിദഗ്ധരും സംരംഭകരുമുള്ള നാടാണ് കേരളം. അവരുടെ കഴിവുകൾ നാടിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക കേരളസഭയിൽ ഉയർന്നു വന്ന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു പ്രൊഫഷണൽ മീറ്റ് സംഘടിപ്പിക്കുക എന്നത്. ലോക കേരളസഭയെ സംശയത്തോടെ കണ്ടവർക്ക് മറുപടി നൽകിയത് ക്രിയാത്മകമായ ഇടപെടലുകളിലൂടെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസി പ്രൊഫഷണലുകളും സംസ്ഥാന സർക്കാരുമായുള്ള സഹകരണം ഉറപ്പാക്കുക, ഉയർന്നു വരുന്ന നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുക, കേരളത്തിന്റെ മുന്നേറ്റങ്ങളെ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുന്ന ബ്രാൻഡ് അംബാസഡർമാരായി പ്രവാസി പ്രൊഫഷണലുകളെ ഉപയോഗിക്കുക എന്നിവയാണ് മീറ്റിന്റെ സുപ്രധാന ലക്ഷ്യങ്ങൾ.
അഞ്ച് മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രൊഫഷണലുകളാണ് മീറ്റിന്റെ ഭാഗമാകുന്നത്. കേരളത്തെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യമുള്ള ഹെൽത്ത് കെയർ ആൻഡ് ലൈഫ് സയൻസ്, ഫ്യൂച്ചർ ടെക്നോളജീസ്, സസ്റ്റയിനബിലിറ്റി ആൻഡ് ക്ലൈമറ്റ് റെസിലിയൻസ്, എജ്യുക്കേഷൻ സ്കിൽസ്, സോഷ്യൽ ഇന്നവേഷൻ ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എന്നീ വിഷയങ്ങളാണ് മീറ്റിൽ ചർച്ച ചെയ്യുന്നത്.
അക്കാദമിക് രംഗത്തെ അറിവുകൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനും ജനോപകാരപ്രദമായി ഉപയോഗിക്കുന്നതിനുമാണ് ട്രാൻസലേഷണൽ റിസർച്ച് ലൈബ്രറി സ്ഥാപിക്കുന്നത്. ആരോഗ്യരംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായ നിരവധി നേട്ടങ്ങൾ കൈയെത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളം. ആ നേട്ടങ്ങളെ അടിസ്ഥാനമാക്കി പുതുതലമുറയുടെ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്.

ഹെൽത്ത് കെയർ ആൻഡ് ലൈഫ് സയൻസ് മേഖലകളിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന ഇടപെടലാണ് ലൈഫ് സയൻസ് പാർക്ക്. ബയോ 360 ലൈഫ് സയൻസ് പാർക്കിൽ 14 കമ്പനികൾ പ്രവർത്തിക്കുന്നു. ലൈഫ് സയൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ക്ലസ്റ്ററായി ലൈഫ് സയൻസ് പാർക്ക് മാറിയിട്ടുണ്ട്.
80,827 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അഡ്മിൻ ബ്ലോക്ക്, ബയോടെക് ലാബ്, ഓഫീസ്, ലബോറട്ടറി എന്നിവ പൂർത്തീകരിക്കുകയും പ്രവർത്തനസജ്ജമാക്കുകയും ചെയ്തു. മെഡിക്കൽ ടെക്നോളജി നിക്ഷേപങ്ങൾക്കായി മെഡിക്കൽ കൺസോർഷ്യം രൂപീകരിച്ചു. ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ മെഡിക്കൽ ടെക്നോളജി രംഗത്ത് വലിയ നിക്ഷേപം ആകർഷിച്ചു.

ഫ്യൂച്ചർ ടെക്നോളജീസ് മേഖലയിൽ ലോകത്തിന്റെ മുന്നേറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതിനായി കേരളത്തെ എഐ ഹബ്ബാക്കി മാറ്റുന്നതിന് വിപുലമായ പരിപാടികൾ വിഭാവനം ചെയ്തു വരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടെക്നോപാർക്ക്, സ്റ്റാർട്ടപ്പ് മിഷൻ, ഐസിടി അക്കാദമി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തുന്നത്. നിലവിൽ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഒന്നര ലക്ഷത്തോളം പേർ തൊഴിലെടുക്കുന്നുണ്ട്.
കേരളത്തിൽ നിന്നുള്ള ആകെ ഐടി കയറ്റുമതി 2016ൽ 34123 കോടി രൂപയായിരുന്നു. ഇന്ന് ഒരു ലക്ഷം കോടി രൂപയിലേക്ക് എത്തുകയാണ്.
ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്ത് ഉല്പാദനക്ഷമമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ കേരള സ്പേസ് പാർക്ക് (കെ സ്പേസ്) പ്രവർത്തനം ആരംഭിച്ചു. മൂന്നര ഏക്കർ ഭൂമിയിൽ കെട്ടിടങ്ങളുടെ നിർമ്മാണത്തിനായി നബാർഡ് സഹായത്തോടെ 241 കോടി രൂപ അനുവദിച്ചു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇലക്ട്രിക് വാഹന രൂപകല്പനയിലും മൈക്രോചിപ്പ് രൂപകല്പനയിലും മികവാർന്ന പ്രവർത്തനം നടന്നു വരികയാണ്. നൂതന സാമഗ്രികളുടെ വ്യവസായത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന കാഴ്ചപ്പാടോടെ ഗ്രഫീൻ ഇന്ത്യ ഇന്നവേഷൻ സെന്റർ കൊച്ചിയിൽ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസം നൈപുണ്യ വികാസത്തിനുള്ള ഉപാധിയാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. അത് സ്കൂൾ തലം മുതൽ കോളേജ് തലം വരെ വിപുലമായ രീതിയിലാണ് നടപ്പാക്കുന്നത്.
സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ അടക്കം സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ വ്യാവസായിക ഉല്പാദന മേഖലയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണക്ട് കരിയർ ടു കാമ്പസ്, യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം, ഇൻഡസ്ട്രി ഓൺ കാമ്പസ് തുടങ്ങിയ പദ്ധതികളും നടപ്പാക്കിവരുകയാണ്. ഇതിനുപുറമെ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളും സ്ഥാപിച്ചു വരുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് ഒരുക്കുകയും പുനരുപയോഗ സാധ്യതയുള്ള ഊർജ്ജസ്രോതസ്സുകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രൽ അഥവാ നെറ്റ് സീറോ കാർബൺ എമിഷൻ സംസ്ഥാനമാക്കി മാറ്റാനാണ് ശ്രമം. ഗ്രീൻ ഫ്യൂച്ചർ എന്ന ലക്ഷ്യത്തെ എത്ര ഗൗരവത്തോടെയാണ് നമ്മുടെ സംസ്ഥാനം കാണുന്നത് എന്നത് ഇതിൽ നിന്നെല്ലാം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ ഇത്തരം മുൻകൈകളെ ശക്തിപ്പെടുത്താൻ ലോകത്തുള്ള നൂതന സാങ്കേതിക ആശയങ്ങളെ നമ്മുടെ ശാസ്ത്രവിജ്ഞാന വ്യവസ്ഥയിലേക്ക് സന്നിവേശിപ്പിക്കാൻ കഴിയുന്ന ചർച്ചകൾ മീറ്റിൽ ഉയർന്നു വരണം. നവകേരള സൃഷ്ടിക്ക് ഉതകുന്ന പുത്തൻ ചുവടുകൾ വെക്കാൻ കോൺക്ലേവ് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ പി രാജീവ്, വീണ ജോർജ്, വി ശിവൻകുട്ടി, എം.ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, കേരള സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ വി കെ രാമചന്ദ്രൻ, നോർക്ക റൂട്ട്സ് റസിഡൻ്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഡയറക്ടർ ഒ വി മുസ്തഫ, നോർക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ തുടങ്ങിയവർ സംസാരിച്ചു.