പാർപ്പിടമില്ലാത്തവർക്ക് തുരുത്തി എന്ന സ്ഥലത്ത് ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിനെതിരെ നിലപാട് സ്വീകരിച്ച ഇടതുമുന്നണി ഇപ്പോൾ അതെ പദ്ധതി നടപ്പിലാക്കുമ്പോൾ ഈ പദ്ധതിയുടെ നേർ അവകാശികൾ ആരാണ് ? ഇന്നത്തെ മേയർ അനിൽ കുമാറാണ് സാധാരണക്കാരുടെ പാർപ്പിട പദ്ധതിക്ക് എതിരെ കൗൺസിലിൽ ബഹളം ഉണ്ടാക്കിയത്. ഇന്നിപ്പോൾ മുഖ്യമന്ത്രി ഈ പാർപ്പിട പദ്ധതി ഉദ്‌ഘാടനം ചെയുമ്പോൾ തങ്ങളാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് അനിൽകുമാർ പ്രസംഗിച്ചത് കേട്ട് പശ്ചിമ കൊച്ചിയിലെ ജനങ്ങൾ പരിഹസിക്കുകയാണ്.

ഒരു ഡിവിഷനിലേക്ക് കോടിക്കണക്കിനു രൂപ ചെലവിട്ട് പാർപ്പിട പദ്ധതി അനുവദിക്കരുതെന്നാണ് അന്നത്തെ കൗൺസിൽ യോഗത്തിൽ ഈ പദ്ധതിയെ ശക്തമായി എതിർത്ത ഇന്നത്തെ മേയർ എം.അനിൽകുമാർ പറഞ്ഞതെന്ന് മുൻ മേയറും കോൺഗ്രസ് നേതാവുമായ ടോണി ചമ്മിണി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. ഇന്ന് മുഖ്യമന്ത്രി ആ പദ്ധതി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ മേയർ അനിൽകുമാർ അധ്യക്ഷനാവുമ്പോൾ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഒരു സിനിമാപ്പേര് മനസ്സിൽ ഓടിയെത്തുന്നു…”ദൈവത്തിന്റെ വികൃതികൾ എന്ന് പറഞ്ഞാണ് ടോണി ചമ്മിണി തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഉപസംഹരിക്കുന്നത്.മുൻ മേയർ ടോണി ചമ്മിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ ചേർക്കുന്നു.
“മട്ടാഞ്ചേരിയിലെ തുരുത്തിയിൽ ചേരി നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി 11 നിലകളുള്ള രണ്ട് ഫ്ലാറ്റ് സമു ച്ചയങ്ങളിലായി ഭൂ-ഭവന രഹിതരായ 394 കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നം പൂവണിയുമ്പോൾ മറ്റാരേക്കാളും കൂടുതൽ ഞാൻ സന്തോഷിക്കും..

കൊച്ചി കോർപ്പറേഷൻ മുൻ മേയർ ടോണി ചമ്മിണി
ഒരുപക്ഷെ ഏറ്റവും കൂടുതൽ സന്തോഷിക്കാനും അഭിമാനിക്കാനും ഒരാൾക്ക് മാത്രമേ അവകാശമുള്ളു എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് യാഥാർഥ്യമാക്കാൻ നിർണായകമായ തീരുമാനം കൈകൊണ്ട ഒരു മനുഷ്യൻ. ഈ വാർത്തയൊന്നും അറിയാതെ വടക്കേ ഇന്ത്യയിലെ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ വിശ്രമ ജീവിതം നയിക്കുകയായിരിക്കാം അദ്ദേഹം ഇന്നിപ്പോൾ.
ഡോ. മൻമോഹൻ സിംഗ് സർക്കാരിന്റെ ഭവന-ദാരിദ്ര്യ ലഘുകരണ മന്ത്രാലയത്തിന്റെ സെക്രട്ടറി ആയിരുന്ന ഒരു മുതിർന്ന IAS ഉദ്യോഗസ്ഥൻ(പേര് ഓർക്കുന്നില്ല ). ചേരി രഹിത ഇന്ത്യ എന്ന ലക്ഷ്യം മുൻനിർത്തി 2011ഇൽ ആരംഭിച്ച ‘രാജീവ് അവാസ് യോജന’ എന്ന ചേരി നിർമാർജന പദ്ധതിയുടെ സെൻട്രൽ സാങ്ഷനിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (CSMC) തലവൻ.

തുരുത്തിയിലെ പാർപ്പിട പദ്ധതി
2013 ഡിസംബർ അവസാന ആഴ്ചയിൽ ഡൽഹിയിൽ ചേർന്ന CSMC യുടെ യോഗത്തിൽ മട്ടാഞ്ചേരിയിലെതുരുത്തിയിൽ ഫ്ലാറ്റ് സമുച്ചയ പദ്ധതിയുടെ സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിരുന്നു. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ അടങ്ങുന്ന ആ സമിതിയിൽ 11 നിലകളുള്ള ഭവനപദ്ധതി എന്നത് പ്രയോഗികമല്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു. ചേരി നിവാസികൾക്ക് ഫ്ലാറ്റ് ജീവിത സംസ്ക്കാരം വശമില്ല, നിരന്തരമായ ലിഫ്റ്റ് ഉപയോഗം അടിക്കടി കേടു പാടുകൾക്കിടയാവും അതിനാൽ 11 നിലകൾ കയറിയിറങ്ങുക പ്രായോഗികമല്ല, ഇരുനില വീടിനപ്പുറം അവർക്ക് വഴങ്ങില്ല അങ്ങനെ പോയി എതിർപ്പിന്റെ വാദമുഖങ്ങൾ.
കൊച്ചിയിലെ പ്രത്യേകിച്ച് മട്ടാഞ്ചേരിയിലെ സ്ഥല പരിമിതിയും, ഭൂ-ഭവന രഹിതരുടെ ബാഹുല്യവും അവരുടെ നരക ജീവിതവുമെല്ലാം ഞാൻ വിവരിക്കാൻ ശ്രമിച്ചെങ്കിലും അംഗങ്ങളാരും നിലപാടിൽ ഒരു അയവും വരുത്തിയില്ല. പദ്ധതിക്ക് സാങ്കേതിക അനുമതി നിഷേധിക്കുന്ന ഘട്ടം വന്നുവെന്ന് ഉറപ്പിച്ചു ഞങ്ങളിരുക്കുമ്പോൾ എല്ലാം ശ്രവിച്ചുകൊണ്ട് യോഗം നിയന്ത്രിച്ചിരുന്ന നേരെത്തെ ഞാൻ സൂചിപ്പിച്ച ആ സീനിയർ IAS ഉദ്യോഗസ്ഥൻ നിശബ്ദത ഭേദിച്ചു.
എതിർ വാദമുഖങ്ങൾ ഉന്നയിച്ച ഉദ്യോഗസ്ഥരുടെ നിലപാടുകളോട് പൂർണമായി യോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു “നമുക്ക് പദ്ധതിയുടെ സാങ്കേതികത്വവും ജയപരാജയങ്ങളിലുമുള്ള മുൻവിധി മാറ്റിവെക്കാം. മേയർ ഈ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനു വേണ്ടിയല്ലേ കൊച്ചിയിൽ നിന്നും ഇത്രയും ദൂരം സഞ്ചരിച്ച് ഈ യോഗത്തിൽ പങ്കെടുക്കാൻ വന്നത്. അത് മാനിച്ചു നമുക്ക് പദ്ധതി പാസ്സാക്കാം”. ആരും അധ്യക്ഷൻ പറഞ്ഞതിനെ എതിർത്തില്ല. പദ്ധതി അങ്ങിനെ അംഗീകരിച്ചു കിട്ടി.ഓർക്കുമ്പോൾ ഇന്നും അത്ഭുതപെടുകയാണ് അദ്ദേഹത്തിന്റെ ആ നിലപാടിൽ.

ആ മനുഷ്യന്റെ മനസ്സിലെ നന്മ കൊച്ചിയുടെ ചേരി നിർമാർജ്ജനയജ്ഞത്തിൽ ഒരു പുതു വിപ്ലവം സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യയുടെതന്നെ ചരിത്രത്തിൽ ആദ്യമായി 11 നിലകളിൽ ചേരി നിവാസികൾക്കുള്ള സർക്കാർ പദ്ധതി കൊച്ചിയിൽ യാഥാർത്ഥമായി. നഗരസഭയെ സഹായിച്ച അന്നത്തെ കേന്ദ്ര സംസ്ഥാന ഭരണ നേതൃത്വങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. എന്റെ പൊതു പ്രവർത്തനരംഗത്തും മേയർ എന്ന നിലയിലും ഏറ്റവും സംതൃപ്തി നൽകിയ നിമിഷങ്ങൾ ഏതെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം 394 കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നത്തിന് തുടക്കമിടാൻ കഴിഞ്ഞു എന്നതുതന്നെയാണ്! ഈ പദ്ധതിയുടെ വിജയത്തിനായി നിലകൊണ്ട ഹൈബി ഈഡൻ MP, മുൻ മേയർ സൗമിനി ജെയിൻ, കൗൺസിലർ ടി.കെ അഷ്‌റഫ് എന്നിവർക്ക് അഭിനന്ദനങ്ങൾ.

കൊച്ചി കോർപ്പറേഷൻ മേയർ അനിൽകുമാർ
ഒരു ഡിവിഷനിലേക്ക് ഇത്രയും വലിയ തുകയുടെ പദ്ധതി അനുവദിക്കരുതെന്ന് അന്നത്തെ കൗൺസിൽ യോഗത്തിൽ ശക്തമായി എതിർത്ത ഇന്നത്തെ മേയർ എം.അനിൽകുമാർ ഇന്ന് മുഖ്യമന്ത്രി ആ പദ്ധതി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അധ്യക്ഷനാവുമ്പോൾ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഒരു സിനിമാപ്പേര് മനസ്സിൽ ഓടിയെത്തുന്നു…”ദൈവത്തിന്റെ വികൃതികൾ “.”
പൂര്‍ണമായ പിതൃത്വം ഏറ്റെടുക്കാനാണ് സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും ശ്രമിക്കുന്നതെന്നാണ് എറണാകുളം ജില്ല കോണ്‍ഗ്രസിന്റെ ആക്ഷേപം.
