കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

ഓപറേഷന്‍ നുംഖൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനം വിട്ടുനല്‍കണമെന്നും പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് താന്‍ വാഹനം സ്വന്തമാക്കിയതെന്നും എന്നാല്‍ രേഖകള്‍ പരിശോധിക്കാന്‍ പോലും തയാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഹൈക്കോടതില്‍ നല്‍കിയ ഹര്‍ജിയില്‍ ദുല്‍ഖര്‍ ആരോപിച്ചു.

ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമെന്ന നിലയില്‍ കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ സല്‍മാന്റെ തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള 2004 മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി നിയമവിരുദ്ധമാണെന്നും അതിനാല്‍ വാഹനം വിട്ടുനല്‍കാന്‍ ഉത്തരവിടണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. ഹരജി നാളെ കോടതി പരിഗണിച്ചേക്കും.

ഭൂട്ടാനില്‍ നിന്ന് ആഢംബര വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തുന്നതിനെതിരായ ഓപറേഷന്‍ നുംഖൂറിന്റെ ഭാഗമായി നടത്തിയ പരിശോധനക്ക് പിന്നാലെ ഒരു ലാന്‍ഡ് റോവര്‍ അടക്കം ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കൂടാതെ, ദുല്‍ഖറിന്റെ കൈവശം നിയമവിരുദ്ധമായി എത്തിച്ച വാഹനങ്ങളുണ്ടെന്ന സംശയവും കസ്റ്റംസ് ഉന്നയിച്ചിരുന്നു.

എന്നാല്‍ വ്യക്തി എന്ന നിലയില്‍ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണം കൊടുത്തതെന്നും ദുല്‍ഖര്‍ ഹരജിയില്‍ പറയുന്നു. കള്ളക്കടത്ത്, ലഹരി മരുന്ന്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നു എന്ന രീതിയില്‍ വ്യാപകമായ പ്രചാരണമാണ് നല്‍കിയത്. എന്തു താല്‍പര്യത്തിന്റെ പുറത്താണ് അതെന്നറിയില്ല. എല്ലാ വിധത്തിലും നിയപരമായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് തന്റെ വാഹനമെന്ന് വ്യക്തമാക്കുന്ന ദുര്‍ഖര്‍ വാഹനം എങ്ങനെയാണ് താന്‍ വാങ്ങിയത് എന്നും ഹരജിയില്‍ വിശദീകരി്ച്ചു.

ഓപറേഷന്‍ നുംഖൂറിന്റെ ഭാഗമായി 38 വാഹനങ്ങള്‍ കസ്റ്റംസ് ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. മലയാള സിനിമ താരങ്ങളടക്കം നിരവധി പേര്‍ നികുതിവെട്ടിച്ച് ഭൂട്ടാനില്‍ നിന്നെത്തിച്ച വാഹനങ്ങള്‍ സ്വന്തമാക്കിയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.