എറണാകുളം നഗരത്തിൽ കെ എസ് ആർ ടി സി ബസ് സ്റ്റേഷന്റെ തൊട്ടടുത്താണ് അംബേദ്ക്കറിൻ്റെ പേരിലുള്ള സ്റ്റേഡിയവും. ഒരു കാലത്ത് തലയെടുപ്പോടെ ശോഭയോടെ നിലനിന്നിരുന്ന സ്റ്റേഡിയമാണ് .6.9 ഏക്കർ വിസ്തൃതിയുള്ള സ്റ്റേഡിയമാണിത്.

ഇന്നിപ്പോൾ ഡോ .ബി ആർ അംബേദ്ക്കറുടെ നാമധേയത്തിലുള്ള സ്റ്റേഡിയം കാടു പിടിച്ച നിലയിലാണ്.വാഹനങ്ങൾ പാർക്കു ചെയ്യാനും കന്നുകാലികളെ മേയ്ക്കാനും വേണ്ടിയാണ് ഈ സ്റ്റേഡിയം ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല.അതിനിടയിൽ ചെറിയൊരു മൈതാനവുമുണ്ട്.

സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാൻ അർജന്റീന താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടു വരാനുള്ള ബദ്ധപ്പാടിലാണ്.മെസിയെ കൊണ്ട് വരുന്നതിനു പകരം മികച്ച സ്റ്റേഡിയങ്ങൾ നിർമ്മിച്ച് കായികതാരങ്ങളെ വളർത്തിയെടുക്കുകയാണ് വേണ്ടതെന്ന് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടിയിരുന്നു.
ഒരുകാലത്ത് കായിക വിനോദങ്ങളുടെ, പ്രത്യേകിച്ച് ഫുട്ബോളിന്റെ, തേനീച്ചക്കൂടായിരുന്ന അംബേദ്ക്കർ സ്റ്റേഡിയത്തിന്റെ പരിസരം പടർന്നുകയറുന്ന പുല്ലുകളാൽ നിറഞ്ഞുനിൽക്കുയാണ് ..ഒരു കാലത്ത് അംബേദ്ക്കർ സ്റ്റേഡിയത്തിൽ സ്ഥിരം ഗ്യാലറികൾ ഉണ്ടായിരുന്നു.ഒരു വർഷം മുമ്പ് അത് ബുൾഡോസർ കൊണ്ട് വന്ന് ഇടിച്ചു നിരത്തി.ഇപ്പോഴും അത് പുനഃ നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല .അതിനു കാരണം ജിസിഡിഎ അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയെന്നാണ് ആക്ഷേപം.പണം കണ്ടെത്തിയ ശേഷമെ സ്റ്റേഡിയത്തിലെ ഗ്യാലറി ഇടിച്ചു നിരത്താൻ പാടുള്ളൂ എന്നാണ് കോൺഗ്രസ് നേതാവ് ലിനോ ജേക്കബ് പറഞ്ഞത്.

കേരളം സന്തോഷ് ട്രോഫി തിരിച്ചുപിടിച്ചത് ഈ അംബേദ്ക്കർ സ്റ്റേഡിയത്തിലാണ്.അന്ന് സംസ്ഥാനത്തെ ഫുട്ബോൾ ആരാധകർക്ക് അഭിമാന നിമിഷമായിരുന്നു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു മുമ്പ് 16 വയസ്സുള്ളപ്പോൾ സച്ചിൻ ടെണ്ടുൽക്കർ ഈ ഗ്രൗണ്ടിൽ കളിച്ചിരുന്നു.സച്ചിൻ മാത്രമല്ല, സുനിൽ ഗവാസ്‌കർ, കപിൽ ദേവ്, രവി ശാസ്ത്രി, സയ്യിദ് കിർമാനി, റോജർ ബിന്നി തുടങ്ങിയ ഇതിഹാസങ്ങളും 1990-ൽ ഒരു പ്രദർശന മത്സരം കളിച്ചിട്ടുണ്ട്.

അതുപോലെ നിരവധി ഫുടബോൾ താരങ്ങളുടെ കാലുകൾ പതിഞ്ഞ സ്റ്റേഡിയമാണിത്. ഫുട്ബോൾ കളിക്കാരെ പരിചരിക്കുന്നതിനും താരങ്ങളായി ഉയർന്നുവരുന്നതിനും ഈ സ്റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഐ എം വിജയനടക്കം ഫുടബോൾ താരങ്ങൾ കളിച്ച മൈതാനത്തിന്റെ ഇന്നത്തെ അവസ്ഥ ശോചനീയമാണ്. ശരിയായ പരിചരണമില്ലാതെ ഇവിടെ വളപ്പിൽ പുല്ലും മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്.പ്രമുഖ ഫുടബോൾ താരങ്ങളായ ഹർഷൻ പി ആർ ,ഫിറോസ് ഷെരീഫ് ,തോബിയാസ് ,ജോയ് ,ജഗതി എന്നിവർ അംബേദ്ക്കർ ഫുടബോൾ മൈതാനത്ത് കളിച്ചു വളർന്നവരാണ്.ഇവരെ കൂടാതെ നിരവധി ഫുടബോൾ താരങ്ങൾ ഈ മൈതാനത്ത് പന്ത് തട്ടിയാണ് താരങ്ങളായത്.അവരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.

1970 കളുടെ അവസാനത്തിലാണ് അംബേദ്ക്കർ സ്റ്റേഡിയം എറണാകുളം നഗരത്തിൽ സ്ഥാപിതമായത് 2017 ൽ നവീകരിക്കുകയും കൃത്രിമ ടർഫ് വിരിച്ച് U-17 ലോകകപ്പിനുള്ള പരിശീലന വേദിയായിരുന്നു. അതിനുശേഷം അംബേദ്ക്കർ സ്റ്റേഡിയംഅവഗണിക്കപ്പെട്ടു.ഇത് സംബന്ധിച്ച് വാർത്തകൾ വന്നതിനെ തുടർന്ന് രണ്ടാം പിണറായി സർക്കാരിലെ കായിക മന്ത്രി വി അബ്ദുറഹ്മാൻ വേദി സന്ദർശിക്കുകയും ബന്ധപ്പെട്ടവരുമായി ഉന്നതതല യോഗം നടത്തുകയും ചെയ്തു. ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നവീകരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക ചർച്ച ചെയ്യപ്പെട്ടു, പക്ഷേ ചില പങ്കാളികൾ അതിനെ എതിർത്തു എന്നാണ് ജിസിഡിയയുടെ മുൻ ചെയർമാൻ വി സലിം പറഞ്ഞത്. ജിസിഡിഎ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി ഒരു കരട് ഡിസൈൻ തയ്യാറാക്കിയതായി ബെറ്റർ റെസ്പോൺസ് കൊച്ചി ഗ്രൂപ്പ് പ്രസിഡന്റും ആർക്കിടെക്റ്റുമായ എസ് ഗോപകുമാർ പറഞ്ഞിരുന്നു .
ഫിഫ മാനദണ്ഡങ്ങൾക്കനുസൃതമായി ഒരു ഫുട്ബോൾ ഗ്രൗണ്ട് നിർമ്മിക്കുക എന്നതായിരുന്നു ആശയം. ഭൂഗർഭ പാർക്കിംഗ് സൗകര്യവും വിനോദ മേഖലയും നിർദ്ദിഷ്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, പദ്ധതി ഒരിക്കലും ആരംഭിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഈ നിർദ്ദേശത്തെക്കുറിച്ച് സ്‌പോർട് സ് വകുപ്പിന് കത്തെഴുതിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ലെന്ന് വർഷങ്ങൾക്കു മുമ്പ് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഗോപകുമാർ വെളിപ്പെടുത്തിയിരുന്നു.. “ഇത്രയും സാധ്യതകളുള്ള ഈ സ്റ്റേഡിയം ശരിയായി ഉപയോഗിക്കാത്തത് കാണുന്നത് നിരാശാജനകമാണ്.”അദ്ദേഹം കൂട്ടിച്ചേർത്തു .”എറണാകുളം നഗരത്തിൽ ഒരു എക്സ്ക്ലൂസീവ് ഫുട്ബോൾ സ്റ്റേഡിയം വളരെക്കാലമായുള്ള ആവശ്യമാണ് ” എന്ന് മുൻ ഇന്ത്യൻ നായകൻ ഐ എം വിജയൻ പറഞ്ഞിട്ടുണ്ട്. “അംബേദ്കർ സ്റ്റേഡിയം ശരിയായി പരിപാലിക്കുകയാണെങ്കിൽ, നിലവിലുള്ള കളിക്കാർക്കും വളർന്നുവരുന്ന ഫുട്ബോൾ കളിക്കാർക്കും അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. അതിനാൽ, ബന്ധപ്പെട്ട അധികാരികൾ നവീകരണ പദ്ധതി ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.” എന്ന് ഐ എം വിജയൻ മൂന്നു വർഷങ്ങൾക്ക് മുമ്പ് പറഞ്ഞതാണ്.ഇപ്പോഴും വഞ്ചി തിരുനക്കര എന്നതാണ് സ്ഥിതി വിശേഷം.

നിലവിലെ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള പറഞ്ഞത് “സ്റ്റേഡിയം വളരെ ദയനീയമായ അവസ്ഥയിലാണെന്നാണ് . “ഭൂമിയെ കായിക പ്രവർത്തനങ്ങൾക്ക് അനുയോജ്യമല്ലാതാക്കുന്ന ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ തടസ്സങ്ങൾ” മറികടക്കേണ്ടതിന്റെ ആവശ്യകതയും പിള്ള ചൂണ്ടിക്കാണിച്ചു.
. അംബേദ്ക്കർ സ്റ്റേഡിയം പുനർനിർമ്മിക്കുന്നതിനുള്ള ഒരു ദീർഘകാല പദ്ധതിയുമായാണ് ഞങ്ങൾ മുന്നോട്ട് പോവുന്നത്. സംസ്ഥാന സർക്കാരിന്റെ പദ്ധതികളുമായി ജിസിഡിഎ “യോജിച്ച്” മുന്നോട്ട് പോകുമെന്ന് ചന്ദ്രൻ പിള്ള പറഞ്ഞു . മന്ത്രിസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ ഒരു കരട് പദ്ധതി തയ്യാറാക്കിയിട്ടുണ്ട് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ച ശേഷം മറ്റുള്ളവരുടെ സഹായത്തോടെ നടപടികൾ വേഗത്തിലാക്കും.” എന്ന് ജിസിഡിഎ ചെയർമാൻ ചന്ദ്രൻ പിള്ള പറഞ്ഞു.
കേരളത്തിലെ എറണാകുളം നഗരത്തിലാണ് അംബേദ്ക്കറിൻ്റെ പേരിലുള്ള സ്റ്റേഡിയം അവഗണന നേരിടുന്നത് .അതേസമയം ഉത്തർപ്രദേശിലെ അംബേദ്ക്കറിൻ്റെ പേരിലുള്ള സ്റ്റേഡിയം വളരെ മനോഹരമായാണ് .മികച്ച രീതിയിലാണ് പരിപാലിക്കുന്നത്.
