15-ലധികം സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ സ്വാമി ഒളിവില്‍

ദല്‍ഹി വസന്ത് കുഞ്ചിലെ പ്രമുഖ ആശ്രമത്തിന്റെ തലവന്‍ 15-ലധികം സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പീഡന പരാതി ഉയര്‍ന്നതോടെ അദ്ദേഹത്തെ ശ്രീ ശൃംഗേരി മഠം ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്തു. ഒളിവില്‍ പോയ സ്വാമിയുടെ അവസാനത്തെ താവളം ആഗ്രയിലാണെന്ന് പോലീസ് പറഞ്ഞു

പരാതി ഉയര്‍ന്നതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സ്വാമിയുടെ വ്യാജ യു.എന്‍ നമ്പര്‍ പ്ലേറ്റുള്ള വോള്‍വോ കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റില്‍ ഇ.ഡബ്ല്യു.എസ് സ്‌കോളര്‍ഷിപ്പില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (പി.ജി.ഡി.എം) കോഴ്‌സുകള്‍ പഠിക്കുന്നവരാണ് പരാതി നല്‍കിയത്. ഇവിടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു പ്രതി.

പരാതി നല്‍കിയ 32 വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തു. അതില്‍ 17 പേര്‍ പ്രതി അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതായും അശ്ലീല വാട്സ്ആപ്പ്, ടെക്സ്റ്റ് മെസ്സേജുകള്‍ അയച്ചതായും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ആരോപിച്ചു. ആശ്രമത്തിലെ വനിതാ ഫാക്കല്‍റ്റികളും അഡ്മിനിസ്‌ട്രേറ്റര്‍മാരും പ്രതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതായും അവര്‍ ആരോപിച്ചു.

അതേസമയം, സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും പ്രതിയുടെ വിലാസങ്ങളിലും ആശ്രമത്തിലും റെയ്ഡുകള്‍ നടത്തുകയും ചെയ്തു. കൂടാതെ ഹാര്‍ഡ് ഡിസ്‌കുകളും വീഡിയോ റെക്കോര്‍ഡറും പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനക്ക് അയച്ചു. അന്വേഷണത്തിനിടെയാണ് ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിന്റെ ബേസ്മെന്റില്‍ വ്യാജ യു.എന്‍ നമ്പര്‍ പ്ലേറ്റുള്ള വോള്‍വോ കാര്‍ കണ്ടെത്തിയത്. ഈ കാര്‍ സ്വാമി ചൈതന്യാനന്ദ് സരസ്വതിയാണ് ഉപയോഗിച്ചിരുന്നതെന്നു കണ്ടെത്തി.