ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിൻറെ 21 ഇന സമാധാന പദ്ധതി;അനുകൂലിച്ച് അറബ് നേതാക്കൾ

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 21 ഇന സമാധാന പദ്ധതി പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന അറബ്, ഇസ്ലാമിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ നീക്കം നടത്തിയത്. സങ്കീര്‍ണമായ പ്രാദേശിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഈ സമാധാന ശ്രമങ്ങള്‍ മേഖലയില്‍ സ്ഥിരത കൊണ്ടുവരുമെന്നും, സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി വിദേശ പ്രതിനിധികൾ പറയുന്നു.

ഹമാസ് തടവിലാക്കിയ 48 ബന്ദികളെ 20 ദിവസത്തെ ആദ്യഘട്ട വെടിനിര്‍ത്തലിനിടെ വിട്ടയക്കുക. ഇതിനുശേഷം അന്താരാഷ്ട്ര നിരീക്ഷണത്തില്‍ ഒരു സ്ഥിരം വെടിനിര്‍ത്തല്‍ നടപ്പാക്കുക.

ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ മുസ്ലീം രാജ്യങ്ങളുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തേക്ക് ഗാസയില്‍ ഒരു ഇടക്കാല ഭരണകൂടം സ്ഥാപിക്കുക. ഹമാസിന്റെ സ്വാധീനമില്ലാത്ത ഫലസ്തീന്‍ സുരക്ഷാ സേനക്ക് പരിശീലനം നല്‍കുക.

തീരപ്രദേശങ്ങളില്‍നിന്ന് തുടങ്ങി ഗാസയുടെ ഉള്‍പ്രദേശങ്ങളിലേക്ക് ക്രമേണ ഇസ്രായേല്‍ സൈന്യം പിന്മാറുക . ഇതിനോടൊപ്പം തുരങ്ക ശൃംഖലകള്‍ നശിപ്പിക്കുന്നത് പോലുള്ള സുരക്ഷാ ഉറപ്പുകള്‍ നല്‍കണം.

ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി 5 ബില്യണ്‍ ഡോളര്‍ നീക്കിവയ്ക്കുക. ഇത് ജലം, വൈദ്യുതി പദ്ധതികള്‍, ഫലസ്തീന്‍ യുവാക്കള്‍ക്കുള്ള തൊഴില്‍ പരിശീലന പരിപാടികള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക . പ്രതിദിനം 500 ട്രക്ക് മാനുഷിക സഹായം ലഭ്യമാക്കും.

ട്രംപിന്റെ സമാധാന നിർദേശങ്ങളോട് അറബ് നേതാക്കള്‍ പിന്തുണ നല്‍കി. അതേസമയം, ഇസ്രായേല്‍ വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്തുന്നത് തടയുക, ജറുസലേമിന്റെ നിലവിലെ സ്ഥിതി നിലനിര്‍ത്തുക, കൂടുതല്‍ മാനുഷിക സഹായം വര്‍ദ്ധിപ്പിക്കുക, അനധികൃത കുടിയേറ്റങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ഭേദഗതികളും അറബ് നേതാക്കള്‍ നിര്‍ദ്ദേശിച്ചു. കൂടിക്കാഴ്ച വളരെ ‘ഫലപ്രദമായിരുന്നെന്ന്’ ഒരു നയതന്ത്രജ്ഞന്‍ ചൂണ്ടിക്കാട്ടി

‘സമയം അതിവേഗം പോകുന്നു’ എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി. മുന്‍പ് ദോഹയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഖത്തര്‍ സന്നദ്ധത അറിയിച്ചു. ഈ സമാധാന ശ്രമം വഴിത്തിരിവാകുമോ അതോ പുതിയ വെല്ലുവിളികള്‍ നേരിടുമോ എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.