അഭിഭാഷകനായ ടി ആർ എസ് കുമാർ എഴുതിയ 2013 ലെ ഭൂമി ഏറ്റെടുക്കൽ അട്ടിമറിക്കൽ നിയമം അട്ടിമറിക്കപ്പെടുന്നു എന്ന പുസ്തകം ശ്രദ്ധേയമാണ് .അതോടൊപ്പം പ്രസക്തവുമാണ് .

നിയമം രക്ഷയ്ക്കുള്ളപ്പോൾ നിസ്സഹായരാകുന്നത് എന്തിന് ? എന്നാൽ നിയമം പ്രയോജനപ്പെടണമെങ്കിൽ അതിനെക്കുറിച്ചറിയണം എന്നാണ് മുൻ എംപി സെബാസ്റ്റിൻ പോൾ ഈ പുസ്തകത്തിന്റെ അവതാരികയിൽ പരാമർശിച്ചിട്ടുള്ളത്.നിയമം സാമാന്യ ജനങ്ങൾക്ക് വ്യാഖ്യാനിച്ചും വിശദീകരിച്ചും കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്വം നിയമം അറിയാവുന്നവർക്കുണ്ട് .ആ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് അഭിഭാഷകനായ ടി ആർ എസ് കുമാർ 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തെക്കുറിച്ച് സാമാന്യമായ ധാരണ സൃഷ്ടിക്കുന്നതിനുതകുന്ന ഈ ലഘു ഗ്രന്ഥം രചിച്ചിരിക്കുന്നത് എന്നാണ് അവതാരികയിൽ സെബാസ്റ്റിൻ പോൾ വ്യക്തമാക്കിയിട്ടുള്ളത്.

ഈ പുസ്തകം ഭൂമി ഏറ്റെടുക്കലിനു വിധേയരാവുന്ന അല്ലെങ്കിൽ ഇരകളാവുന്ന ആളുകൾക്ക് വളരെയധികം പ്രയോജനപ്പെടും .നിയമത്തിന്റെ ഭാഷ സങ്കീർണതകൾ ഒഴിവാക്കി സാധാരണക്കാരനു ഗ്രഹിക്കാവുന്ന വിധമാണ് ഇതിന്റെ രചന ശൈലി.സർക്കാരിന്റെയും ദല്ലാൾമാരുടെയും ചൂഷണത്തിൽ നിന്നും രക്ഷപ്പെടാനും അവകാശപ്പെട്ടത് നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാനും ഈ പുസ്തക വായനയിലൂടെ കഴിയും.

61 പേജ് വരുന്ന ലഘു ഗ്രന്ഥമാണിത്.ആറു അധ്യായങ്ങൾ ഉണ്ട്.ഈ അധ്യായങ്ങളിലൂടെ കടന്നുപോകുമ്പോൾ ഈ പുസ്തകം വായിക്കാനുള്ള താൽപ്പര്യം ഉണ്ടാവും.

ഒന്നാമത്തെ അധ്യായം ഭൂമി ഏറ്റെടുക്കൽ നിലച്ചതെന്ത് ? ഇതിൽ ഇന്ത്യയിലെ പഴയ ഭൂമി ഏറ്റെടുക്കൽ നിയമം 2014 ജനുവരി മുതൽ പിൻവലിക്കുകയും പുതിയ ഭൂമി ഏറ്റെടുക്കൽ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തതിനെക്കുറിച്ചും പഴയ നിയമത്തെക്കുറിച്ചും പുത്തിയ നിയമത്തെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.പുതിയ നിയമത്തിൽ പറയുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഈ പുസ്തകത്തിലുണ്ട്.അതിലൊന്ന് ഇങ്ങനെയാണ് .സ്വകാര്യ സംരംഭങ്ങൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ 80 ശതമാനം ഭൂവുടമകളുടെ അനുവാദം ആവശ്യമാണ്.അതേസമയം സ്വകാര്യ സർക്കാർ പദ്ധതികൾക്ക് 70 ശതമാനം ഭൂവുടമകളുടെ അനുവാദം ആവശ്യമാണ്.ഈ വ്യവസ്ഥ മറികടന്ന് ഇന്ത്യയിലെ ഭൂമി ചെറിയ വിലക്ക് കൊള്ളയടിച്ചു കൊണ്ട് പോകാൻ അന്താരാഷ്ട്ര ഗൂഢാലോചന നടത്തുന്നത് ലോക കുത്തകകളും ഇന്ത്യൻ കുത്തകകളും കൂടിയുള്ള അച്യുതണ്ട് ആണെന്ന് പറയുന്നു.അവർ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥറീ സ്വാധീനിക്കുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.ഇതോടൊപ്പം കേരളത്തിലെ സ്ഥിതിയെപറ്റിയും ഒന്നാം അധ്യായത്തിൽ പരാമർശിക്കുന്നു.

രണ്ടാം അധ്യായത്തിൽ ചർച്ച ചെയ്യുന്നത് ‘ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ കർഷക വിരുദ്ധ ഭേദതഗതികൾ’ ആണ് .
മൂന്നാമത്തെ അധ്യായം മാനുഷിക മുഖമുള്ള പുതിയ ഭൂമി ഏറ്റെടുക്കൽ നിയമം;മാറ്റങ്ങൾ വിപ്ലകകരം’ എന്ന വിഷയമാണ് .ഇതിൽ പുതിയ നിയമത്തിന്റെ സവിശേഷതകൾ ;കമ്പോള വില;അധിക കമ്പോള വില ;എന്താണ് സൊലേഷ്യം (കമ്പോള വിലക്ക് പുറമെ നൽകേണ്ട നിയമപരമായ അവകാശമാണ് );പുനരധിവാസ പാക്കേജ്;വാടകക്കാരുടെ നഷ്ടപരിഹാരം ;ദേശീയ പാത വികസനവും പുതിയ നിയമവും ;നഷ്ടപരിഹാര തുക നിർണ്ണയം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ്.
നാലാം അധ്യായത്തിൽ ദേശീയ പാത വികസനവും പുതിയ ഭൂമി ഏറ്റെടുക്കൽ നിയമവും എന്ന വിഷയമാണ് വിശദീകരിക്കുന്നത്.
അഞ്ചാം അധ്യായത്തിൽ ‘സിൽവർ ലൈനും പുതിയ ഭൂമി ഏറ്റെടുക്കൽ നിയമവും’.എന്ന തലക്കെട്ടിൽ 2013 ലെ പുതിയ നിയമം ;സർക്കാരിന്റെ അവകാശം ;ഭൂതമകളുടെ അവകാശങ്ങൾ ;സുപ്രീം കോടതി വിധി ന്യായങ്ങൾ ;രാഷ്ട്രീയ സമരങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത് .

അവസാന അധ്യായമായി ആറിൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ മറവിൽ നടക്കുന്ന സർക്കാർ കൊള്ള ‘യെക്കുറിച്ചാണ് പറയുന്നത്.നെഗോഷിയേറ്റഡ് പർച്ചേസ് ,കേന്ദ്ര നിയമം അട്ടിമറിക്കപ്പെടുന്നു,കേരള ഹൈക്കോടതി വിധി ,സുപ്രീം കോടതി വിധികൾ എന്നിവയെക്കുറിച്ച് വിശദമാക്കുന്നു .അനുബന്ധമായി 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം ,(സാധാരണ ഉന്നയിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ) .ഇത്രയുമാണ് ടി ആർ എസ് കുമാർ രചിച്ച പുസ്തകത്തിന്റെ ഉള്ളടക്കം .

അഭിഭാഷകനായ ടി ആർ എസ് കുമാർ കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് .സിപിഐയുടെ എ ഐ വൈ എഫ് എറണാകുളം ജില്ലാപ്രസിഡണ്ട് ,ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസ് എറണാകുളം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സ്വന്തമായി അദ്ദേഹം എറണാകുളം നഗരത്തിൽ ലക്ഷ്മി ഹോസ്പിറ്റലിന് സമീപം പീപ്പിൾസ് ലോ ഹൌസ് എന്ന സ്ഥാപനം നടത്തുന്നുണ്ട് .ജനകീയനായ അഭിഭാഷകനാണ് അദ്ദേഹം. സാധാരണക്കാർക്ക് ഫീസ് ഇളവ് നൽകിയും സൗജന്യമായും കേസുകൾ നടത്താറുണ്ട്. നിയമത്തിന്റെ പാതയിൽ സാധാരണക്കാരന്റെ ശബ്ദമായി എന്ന തലക്കെട്ടിൽ അടുത്തകാലത്ത് മലയാളം വാരികയിൽ ടി ആർ എസ് കുമാറിനെക്കുറിച്ച് ഒരു ലേഖനം വന്നിരുന്നു.

ഭൂമി ഏറ്റെടുക്കൽ കേസുകളിൽ ആയിരക്കണക്കിനു കർഷകർക്ക് നീതി നേടി കൊടുത്തതും നിയമപരമായ അവകാശങ്ങളെക്കുറിച്ച് പൊതു ജനങ്ങൾക്ക് അറിവ് നൽകിയതും അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തിനും സാമൂഹ്യ പ്രതിബദ്ധതയ്ക്കും തെളിവുകളാണ്. ഭൂമി ഏറ്റെടുക്കൽ നിയമം അട്ടിമറിക്കപ്പെടുന്നു എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എറണാകുളം സ്വാമി ലോ ബുക്സാണ്. വില 97 രൂപ.
