പത്രപ്രവർത്തകരുടെ പെൻഷൻ സംബന്ധിച്ച മുഴുവൻ പ്രശ്നങ്ങളും പരിശോധിച്ച് പരിഹാര നടപടി കൈകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രൊഫ. കെ.വി തോമസ് മാഷിനെ അറിയിച്ചു.

സീനിയർ ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി നൽകിയ നിവേദനം തോമസ് മാഷിൽ നിന്ന് സ്വീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഈ ഉറപ്പ് നൽകിയത്.സർക്കാർ വിഹിതവും പത്രപ്രവർത്തക അംശാദായവും പത്രമുടമയുടെ സംഭാവനയും ചേർന്നുള്ള നിധിയിൽ നിന്ന് പെൻഷൻ നൽകാനാണ് നിലവിലുള്ള ഉത്തരവ്.
എന്നാൽ പത്ര ഉടമകൾ വിഹിതം നൽകാൻ തയാറാവാത്ത സാഹചര്യത്തിൽ
പെൻഷൻ രൂപവത്ക്കരണ കമ്മറ്റിയുടെ 1993ലെ നിർദേശപ്രകാരം പരിഷ്ക്കരിച്ച സർക്കാർ ഉത്തരവ് പ്രകാരം പി.ആർ.ഡി മുഖേന നൽകുന്ന പരസ്യങ്ങളുടെ ബില്ലിൽ നിന്ന് 15 ശതമാനം ഡിസ്‌കൗണ്ട് സർക്കാർ ഈടാക്കി വരികയാണ്.ഈ തുക പെൻഷൻ വിതരണത്തിന് വിനിയോഗിക്കണമെന്നും 20,000 രൂപയാക്കി പെൻഷൻ വർധിപ്പിക്കണമെന്നുമാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

ഇതോടൊപ്പം പെൻഷൻ കുടിശിക നൽകുക, പകുതി പെൻഷൻ വാങ്ങുന്നവർക്ക് മുഴുവൻ പെൻഷൻ നൽകുക, ആശ്രിതർക്ക് പകുതി പെൻഷൻ നൽകുക, അവശ പത്രപ്രവർത്തകരുടെ പെൻഷൻ വർധന എന്നീ കാര്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.
23ന് കണ്ണൂരിൽ നടക്കുന്ന സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടാവുമെന്ന് കരുതുന്നു.
