മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ പ്രീപ്രൊഡക്ഷനും, ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നിട്ടുള്ള ‘കത്തനാർ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം റോജിൻ തോമസ്സാണ് സംവിധാനം ചെയ്യുന്നത്. കടമറ്റത്തു കത്തനാർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്.

രൂപത്തിലും, വേഷത്തിലുമെല്ലാം ആകർഷിക്കുന്ന ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി എത്തിയിരിക്കുന്നത്. ‘കത്തനാർ’ എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ലുക്ക്. സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിക്കുമോ എന്നറിയേണ്ടിയിരിക്കുന്നു.

വലിയ ജനപ്രീതി നേടിയ ഫിലിപ്സ് ആൻ്റ് മങ്കി പെൻ, ഹോം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിൻ തോമസ്. ചരിത്രത്തിൻ്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാൻ്റസി കഥയാണ് കടമറ്റത്തു കത്തനാറിൻ്റേത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ഏറ്റവും ജനശ്രദ്ധ നേടിയ കഥയാണ് കടമറ്റത്തു കത്തനാർ.