വായ്പ പലിശ നിരക്കുകള്‍ വേഗത്തില്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് ആര്.ബി.ഐ അനുമതി നല്കി.
ഫ്ളോട്ടിങ് പലിശ നിരക്കുകളിലുള്ള വായ്പകളുടെ പലിശനിരക്ക് ഇടയ്ക്കിടെ കുറയ്ക്കാന്‍ ഇനി ബാങ്കുകള്‍ക്ക് സാധിക്കും. പലിശനിരക്ക് മാറ്റുന്നതിന് നിലവിലുണ്ടായിരുന്ന മൂന്ന് വര്‍ഷത്തെ നിയന്ത്രണം ഇതോടെ നീക്കി.
ഉടനെ പ്രാബല്യത്തില്‍ വരുന്ന ഈ മാറ്റം, റീട്ടെയില്‍, വ്യക്തിഗത, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എന്നിവയ്ക്ക് നല്കുന്ന വായ്പകളുടെ പലിശ നിരക്കുകള്‍ സംബന്ധിച്ച് 2016-ല്‍ ആര്.ബി.ഐ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തി.

ഇതിലൂടെ പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ പ്രയോജനം കൂടുതല്‍ വേഗത്തില്‍ വായ്പയെടുത്തവര്‍ക്ക് ലഭിക്കുമെന്ന് ആര്.ബി.ഐ വ്യക്തമാക്കി.
2023-ല്‍ അവതരിപ്പിച്ച വ്യവസ്ഥകളുടെ തുടര്‍ച്ചയായി, പലിശ പുതുക്കുന്ന സമയത്ത് ഫിക്സഡ് നിരക്കുകളിലേക്ക് മാറാനുള്ള ഓപ്ഷന് വായ്പക്കാര്‍ക്ക് തുടര്‍ന്നും ലഭിക്കും. ഈ മാറ്റങ്ങള്‍ വായ്പക്കാര്‍ക്ക് ഗുണകരമാവുകയും വായ്പാ ദാതാക്കള്‍ക്ക് കൂടുതല്‍ വഴക്കം നല്‍കുകയും ചെയ്യുമെന്ന് ആര്.ബി.ഐ അറിയിച്ചു.
ഇതിനോടൊപ്പം, ജ്വല്ലറികള്‍ക്കുള്ള വായ്പാ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചു. അസംസ്കൃത വസ്തുവായി സ്വര്‍ണ്ണം ഉപയോഗിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് ബുള്ളിയന്‍ ഈടായി സ്വീകരിച്ച് പ്രവര്‍ത്തി മൂലധന വായ്പകള്‍ നല്കാന് ബാങ്കുകള്‍ക്ക് അനുമതി നല്കി. ടയര്‍-3, ടയര്‍-4 നഗരങ്ങളിലെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. മുന്‍പ്, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്ക് മാത്രമായിരുന്നു ഈ സൗകര്യം.

മൂലധനം സമാഹരിക്കുന്നതിനുള്ള നിയമങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചു. വിദേശത്തോ രൂപയിലോ ഉള്ള ബോണ്ടുകളായി വിദേശത്ത് നിന്ന് പുറത്തിറക്കുന്ന പെര്പെച്വല് ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകള്‍ ഇനി ബാങ്കുകള്‍ക്ക് തങ്ങളുടെ അഡീഷണല്‍ ടയര്‍ 1 മൂലധനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താം