ഏഷ്യാ കപ്പ് 2025 സൂപ്പര്‍ 4 മത്സരത്തില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ, ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നടത്തിയ പ്രസ്താവന പാകിസ്ഥാന്റെ മുറിവില്‍ ഉപ്പ് പുരട്ടുന്നതായി. മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍, ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തെക്കുറിച്ച ചോദ്യത്തിന് സൂര്യകുമാര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായി.
‘ഈ ചോദ്യത്തിന് എനിക്ക് ഒരൊറ്റ കാര്യമേ പറയാനുള്ളൂ. നിങ്ങള്‍ ഈ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തണം,’ ഒരു മുതിര്‍ന്ന പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകനോട് യാതൊരു മടിയുമില്ലാതെ സൂര്യകുമാര്‍ പറഞ്ഞു.\

‘
എന്നെ സംബന്ധിച്ചിടത്തോളം, രണ്ട് ടീമുകള്‍ 15-20 മത്സരങ്ങള്‍ കളിക്കുകയും സ്‌കോര്‍ 7-7 അല്ലെങ്കില്‍ 8-7 എന്ന നിലയിലാണെങ്കില്‍, അതിനെ നല്ല ക്രിക്കറ്റ് എന്ന് വിളിക്കാം, അതിനെ ഒരു പോരാട്ടം എന്ന് വിളിക്കാം. എന്നാല്‍, അത് 13-0 അല്ലെങ്കില്‍ 10-1 ആണെങ്കില്‍, എനിക്ക് കൃത്യമായ കണക്ക് അറിയില്ല. പക്ഷേ, ഇത് ഒരു പോരാട്ടമല്ല. 7-15 ഓവറുകള്‍ക്കിടയില്‍ ഞങ്ങള്‍ അവരെക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചു, മികച്ച രീതിയില്‍ പന്തെറിഞ്ഞു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ 4 മത്സരത്തിന് മുമ്പും സൂര്യകുമാര്‍ ഈ പോരാട്ടത്തെക്കുറിച്ച സംസാരങ്ങളെ നിസ്സാരവല്‍ക്കരിച്ചിരുന്നു. എട്ട് ദിവസത്തിനിടെ രണ്ട് തവണ പാകിസ്ഥാനെ എളുപ്പത്തില്‍ തോല്‍പ്പിച്ച അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനിന്നു. മുന്‍കാലങ്ങളില്‍ ഒരു ക്യാപ്റ്റനും ഇത്രയും തുറന്നുപറച്ചിലുകള്‍ നടത്തിയിട്ടില്ല. ഒരിക്കല്‍ തീവ്രമായിരുന്ന ഈ പോരാട്ടത്തിന്റെ അന്ത്യഗീതമായി സൂര്യകുമാറിന്റെ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെടുന്നു.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ, ഇന്ത്യ പാകിസ്ഥാനെതിരെ ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്. 31 മത്സരങ്ങളില്‍ 23 ലും ഇന്ത്യയാണ് വിജയിച്ചത്.