ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയ ഐഫോൺ 17 വാങ്ങാൻ കൂട്ടത്തല്ല് . രാജ്യത്തെ എല്ലാ ആപ്പിൾ സ്റ്റോറുകളും രാവിലെ 8 മണിക്ക് തന്നെ ഉപഭോക്താക്കൾക്കായി തുറന്നു. ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലായി നാല് ആപ്പിൾ സ്റ്റോറുകളാണ് ഇന്ത്യയിലുള്ളത്.വിൽപ്പന ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ആളുകൾ ക്യൂ നിൽക്കാൻ തുടങ്ങിയിരുന്നു.

ബികെസി ജിയോ സെന്ററിലെ മുംബൈ ആപ്പിൾ സ്റ്റോറിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയ്ക്കായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുതിയ ആപ്പിൾ വാച്ചുകളും എയർപോഡ്സ് പ്രോ 3-യും വാങ്ങാനും ആളുകൾ എത്തിയിരുന്നു.

പിടിഐ പങ്കുവെച്ച വീഡിയോയിൽ വലിയ ആൾക്കൂട്ടം തമ്മിൽ തല്ലുന്നതായി കാണാം. സുരക്ഷാ ഉദ്യോഗസ്ഥരുടെ വിസിൽ വിളികൾ അവഗണിച്ച് ഏതാനും പേർ പരസ്പരം കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിൽ കണ്ടു. ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെട്ട് പ്രശ്നമുണ്ടാക്കിയവരെ ആൾക്കൂട്ടത്തിൽ നിന്ന് മാറ്റി.
