പാകിസ്ഥാനെ തകര്‍ത്തത് അഭിഷേക് ശർമയുടെ കൂറ്റൻ അടികൾ ;.കളിയിലെ താരമായി അഭിഷേക് ശർമ

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ പോരാട്ടത്തിലും പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിയും അതിനിടെയുണ്ടായ ഹസ്തദാന വിവാദത്തിനും കളിയിലൂടെ മറുപടി നല്‍കാമെന്ന പാക് മോഹം ഫലിച്ചില്ല. ഇന്ത്യ ആറ് വിക്കറ്റ് വിജയമാണ് പിടിച്ചെടുത്തത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ ഏഴ് പന്തുകള്‍ ബാക്കി നിര്‍ത്തി 4 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സടിച്ച് മറികടന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് കണ്ടെത്തിയത്.

നേരത്തെ ടോസ് നേടി ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിനു അയയ്ക്കുകയായിരുന്നു. 45 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. താരത്തിന്റെ വമ്പനടികളാണ് പാകിസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഫര്‍ഹാന്‍ 3 സിക്‌സും 5 ഫോറും പറത്തി. അവസാന ഓവറുകളില്‍ 8 പന്തില്‍ 20 റണ്‍സടിച്ച ഫഹീം അഷറഫിന്റെ കാമിയോ ഇന്നിങ്‌സും അവര്‍ക്ക് നിര്‍ണായകമായി. താരം 2 സിക്‌സും ഒരു ഫോറും പറത്തി. മുഹമ്മദ് നവാസ് (19 പന്തില്‍ 21), സയം അയൂബ് (17 പന്തില്‍ 21), ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ (13 പന്തില്‍ 17 റണ്‍സ്) എന്നിവരും പാക് സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി.

ജയത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന ഓപ്പണിങ് സഖ്യം പാകിസ്ഥാന്റെ എല്ലാ മോഹങ്ങളും തകര്‍ത്തെറിയുന്ന കാഴ്ചയായിരുന്നു തുടക്കം മുതല്‍. ഗില്‍ ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അഭിഷേക് തന്റെ മിന്നലടികളുമായി ഒരിക്കല്‍ കൂടി കളം വാണു. ഇരുവരും ചേര്‍ന്നു സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്.

39 പന്തുകള്‍ നേരിട്ട് അഭിഷേക് ശര്‍മ 5 സിക്‌സും 6 ഫോറും സഹിതം 74 റണ്‍സ് വാരി. ഗില്‍ 28 പന്തില്‍ 8 ഫോറുകള്‍ സഹിതം 47 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ 105 റണ്‍സ് കണ്ടെത്തി. ഈ ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സ്‌കോറായും ഇതു മാറി.

4.4 ഓവറില്‍ ഇന്ത്യ 50 റണ്‍സിലെത്തി. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്നു അടിച്ചെടുത്തത് 69 റണ്‍സ്. ഗ്രൂപ്പ് ഘട്ടത്തിലെ പോരില്‍ ഷഹീന്‍ അഫ്രീദിയെ ഫോറടിച്ച് സ്വീകരിച്ച അഭിഷേക് ഇത്തവണ ആദ്യ പന്ത് തന്നെ സിക്‌സര്‍ തൂക്കിയാണ് സ്വാഗതം ചെയ്തത്. 24 പന്തില്‍ അഭിഷേക് അര്‍ധ സെഞ്ച്വറിയിലെത്തി. പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ അര്‍ധ സെഞ്ച്വറിയായും താരത്തിന്റെ പ്രകടനം മാറി. 2012ല്‍ 25 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച യുവരാജ് സിങിന്റെ റെക്കോര്‍ഡാണ് അഭിഷേക് സ്വന്തം പേരിലാക്കിയത്. 74 റണ്‍സ് അടിച്ച അഭിഷേക് ശർമയാണ് മാൻ ഓഫ് ദി മാച്ച് അവാർഡ് കരസ്ഥമാക്കിയത്.