ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ വീട്ടിലെത്തിച്ച് മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ യുവദമ്പതികൾ നടത്തിയ ക്രൂര പീഡനത്തിന്റെ വിവരങ്ങൾ പുറത്ത്.
കോയിപ്രം കുറവൻകുഴി സ്വദേശികളായ ജയേഷ് രാജപ്പൻ (30), ഭാര്യ എസ് രശ്മി (25) എന്നിവരാണ് അറസ്റ്റിലായത്.
റാന്നി സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ 23 സ്റ്റേപ്ലർ പിന്നുകളാണ് അടിച്ചത്. ഇതു ചെയ്തത് രശ്മിയാണ്. യുവാക്കളെ മർദിക്കുന്ന 10 ദൃശ്യങ്ങൾ രശ്മിയുടെ ഫോണിൽനിന്ന് കണ്ടെടുത്തു. രശ്മിയും ഒരു യുവാവുമൊത്തുള്ള ദൃശ്യങ്ങളും ഫോണിലുണ്ട്.

ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിക്കുന്ന ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലാണ്. ഫോൺ ലോക്കായതിനാൽ സൈബർ സെല്ലിന്റെ സഹായം തേടും. അന്വേഷണത്തോട് പ്രതികൾ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു . റാന്നി സ്വദേശിയായ 29 വയസുകാരനും ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19കാരനുമാണ് ക്രൂരമർദനത്തിന് ഇരകളായത്.
യുവാക്കൾക്കു രശ്മിയുമായി ബന്ധമുണ്ടെന്ന സംശയമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പ്രതികളില് നിന്ന് ലഭിച്ച വിവരം. എന്നാൽ, പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ നൽകി.

യുവാക്കളും ജയേഷും ബെംഗളൂരുവിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാണ്. രശ്മിയും റാന്നി സ്വദേശിയും ഒരുമിച്ചുള്ള ഫോട്ടോയും വിഡിയോയും ലഭിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണ് മർദനത്തിന് പിന്നിലെന്നാണ് സൂചന. റാന്നി സ്വദേശിയെ ഈ മാസം 5നും ആലപ്പുഴ സ്വദേശിയായ യുവാവിനെ ഈ മാസം ഒന്നിനുമാണ് മർദനത്തിന് ഇരകളാക്കിയത്. മർദനമേറ്റ യുവാക്കൾ ബന്ധുക്കളാണെന്നും പൊലീസ് പറയുന്നു.