ഹെൽത്ത് ഇൻഷുറൻസുള്ള വ്യക്തി ക്യാൻസർ ബാധിതനാവുകയും, ആശുപത്രി ചെലവിന്റെ ഇൻഷുറൻസ് ക്ലെയിം ലഭിക്കുവാനായി രേഖകൾ സമർപ്പിക്കുകയും ചെയ്തു. എന്നാൽ എതിർകക്ഷിയായ RELIGARE INSURANCE കമ്പനി ക്ലെയിം നിരസിച്ചു . കേസ് ഉപഭോക്ത കോടതിയിലെത്തി.
പോളിസിയുടെ എക്സ്ക്ലൂഷൻ ക്ലോസ് 4.3 പ്രകാരം, പുകവലിയും മദ്യപാനവും ശീലമാക്കിയ വ്യക്തിക്ക് ഇൻഷുറൻസ് ക്ലെയിം അനുവദിച്ചു നൽകുവാൻ ബാധ്യതയില്ലായെ ന്ന് കമ്പനി വാദിച്ചു. ഹെൽത്ത് ഇൻഷുറൻസിന് അപേക്ഷ നൽകുമ്പോൾ തന്നെ സമർപ്പിക്കുന്ന ഫോമിൽ അപേക്ഷകൻ പ്രതിദിനം 3 സിഗരറ്റും, ആഴ്ചയിൽ മദ്യപിക്കുന്ന സ്വഭാവവും ഉണ്ടെന്നു അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. പുകവലിയും മദ്യപാനവും കാൻസറിന് കാരണമായിട്ടുണ്ടെന്ന് കമ്പനി സമർത്ഥിച്ചു. കേസ് നിലനിൽക്കുമ്പോൾ തന്നെ അപേക്ഷകൻ മരിക്കുകയും ഭാര്യ കേസ് ഏറ്റെടുക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള ക്യാൻസർ പുകവലിയും മദ്യപാനവും മൂലം ഉണ്ടാകാമെന്ന റിപ്പോർട്ട് എതിർകക്ഷിയായ ഇൻഷുറൻസ് കമ്പനിയുടെ ഡോക്ടർ കോടതിയിൽ സമർപ്പിച്ചു. എന്നാൽ അപേക്ഷകനെ ശുശ്രൂഷിച്ച ഡോക്ടർ നാക്കിൽ Molar tooth കൊണ്ടുണ്ടാകുന്ന വ്രണങ്ങൾ ഇത്തരം കാൻസറുകൾക്ക് കാരണമായേക്കാവുന്ന വസ്തുത സത്യവാങ്മൂലമായി കോടതിയിൽ സമർപ്പിച്ചു.
ഇൻഷുറൻസ് കമ്പനിയുടെ ഡോക്ടർ അപേക്ഷകൻ സമർപ്പിച്ച രേഖകൾ ആസ്പദമാക്കിയാണ് പുകവലിയും മദ്യപാനവും ക്യാൻസറിന് കാരണമായേക്കാവുന്ന നിഗമനത്തിലെത്തിയത്. ടി ഡോക്ടർ അപേക്ഷകനെ ഒരിക്കൽപോലും കാണുകയോ, ചികിത്സിക്കുകയോ ചെയ്തിട്ടില്ലായെന്നും, എന്നാൽ പരാതിക്കാരന്റെ ഡോക്ടർ അദ്ദേഹത്തെ കാണുകയും തുടർ ചികിത്സ നടത്തുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ടുതന്നെ അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലം ശരിയാണെന്ന് കോടതി നിരീക്ഷിച്ചു. മാത്രവുമല്ല മുൻപ് രോഗിയെ മാറിമാറി ചികിത്സിച്ച മറ്റുള്ള ഡോക്ടർമാരും അദ്ദേഹത്തിന്റെ രോഗം പുകവലിയും മദ്യപാനവും മൂലമാണെന്ന് ഒരു രേഖയിലും രേഖപ്പെടുത്തിയില്ലായെന്ന് കമ്മീഷൻ കണ്ടെത്തി. ക്ലെയിം തുകയായ 9,01,270/- രൂപ 6 % പലിശ നിരക്കിലും, കോടതി ചെലവിലേക്കായി പതിനായിരം രൂപ നൽകുവാനും പഞ്ചാബ് സ്റ്റേറ്റ് കമ്മീഷന്റെ ഉത്തരവിനെതിരായി കമ്പനി സമർപ്പിച്ച അപ്പീലിൽ നാഷണൽ കമ്മീഷൻ ഉത്തരവായത്.
(തയ്യാറാക്കിയത് :Adv. K. B Mohanan
9847445075)
മുന്നറിയിപ്പ് :പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരമാണ് .