വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷിക്കെതിരെ പൊലീസില്‍ പരാതി. പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വര്‍മ്മയാണ് പന്തളം പൊലീസില്‍ പരാതി നല്‍കിയത്.

ശബരിമല സംരക്ഷണ സംഗമത്തിലെ പ്രസംഗത്തില്‍ വാവര്‍ സ്വാമിയെ ശാന്താനന്ദ മഹര്‍ഷി മോശമായി ചിത്രീകരിച്ചെന്നാണ് പരാതി. വാവര്‍ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമാണ് ശാന്താനന്ദ മഹര്‍ഷി പ്രസംഗിച്ചത്.
വിശ്വാസം മുറിപ്പെടുത്തല്‍, രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ആണ് പരാതി. ഇതോടെ വിദ്വേഷപ്രസംഗത്തിന് ശാന്താനന്ദക്കെതിരെ ലഭിച്ച പരാതികളുടെ എണ്ണം രണ്ടായി. നേരത്തെ കോണ്‍ഗ്രസ് നേതാവ് അഡ്വ. വി ആര്‍ അനൂപ് പരാതി നല്‍കിയിരുന്നു.

അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം അംഗീകരിച്ചാണ് തീര്‍ത്ഥാടനത്തിന് പന്തളം അയ്യപ്പക്ഷേത്രവും കൊട്ടാരവും നേതൃത്വം നല്‍കുന്നത്. പ്രസംഗം പന്തളത്തെ ഹിന്ദു-മുസ്ലിം മതസൗഹാര്‍ദം തകര്‍ക്കും. അതിനാല്‍ വിദ്വേഷപ്രസംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു