സ്ത്രീകൾക്ക് മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി കൃത്യമായ പരിശോധനകളും ചികിത്സയും നടത്തുന്നതിനും രോഗപ്രതിരോധ അവബോധം ഉണ്ടാക്കുന്നതിനും കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ നേതൃത്വത്തിൽ നടത്തുന്ന കാമ്പയിൻ എല്ലാവരും പ്രയോജനപ്പെടുത്തണമെന്നു ഹൈബി ഈഡൻ എം പി പറഞ്ഞു.

ഇതിനായുള്ള സ്ത്രീ കാമ്പയിന്റെ (Strengthening Her to Empower Everyone (STHREE)) ജില്ലാതല ഉദ്ഘാടനം ഇടപ്പിള്ളി സാമൂഹികരോഗ്യ കേന്ദ്രത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ക്ലിനിക്കുകൾ, അയൽക്കൂട്ട സ്ക്രീനിംഗ് ക്യാമ്പുകൾ, സ്പെഷ്യലിസ്റ്റ് സേവനങ്ങൾ എന്നിവ ഒരുക്കും.

യോഗത്തിൽ കൗൺസിലർ അഡ്വ ദീപ വർമ ആദ്ധ്യക്ഷം വഹിച്ചു. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ കെ ആശ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ എം എസ് രശ്മി, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ ആരതി കൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ തനു, ജില്ലാ എഡുക്കേഷൻ & മീഡിയ ഓഫീസർ ജോബി കെ പി തുടങ്ങിയവർ സംസാരിച്ചു.
ക്ലിനിക്കുകളിൽ സ്ത്രീകളുടെ വിളർച്ചാ പരിശോധന, പ്രമേഹ, രക്തസമ്മർദ്ദ പരിശോധനകൾ, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ ഉൾപ്പെടെ 10 തരം പരിശോധനകൾ, ഗർഭിണികൾക്കുള്ള ഫോളിക് ആസിഡ്, അയൺ, കാൽസ്യം ഗുളികകൾ ഉൾപ്പെടെ 36തരം മരുന്നുകൾ, കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകൾ തുടങ്ങിയവ ലഭിക്കും.

അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ചു സ്ത്രീകൾക്കായി പ്രത്യേക പരിശോധനകൾ, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ, ബോധവത്കരണം എന്നിവ ഉണ്ടായിരിക്കും. സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ എത്തി സേവനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ അഡിഷണൽ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.