ആഗോള അയ്യപ്പസംഗമത്തില്‍ 4126 പേര്‍ പങ്കെടുത്തു;വിദേശത്തുനിന്നും 182 പേർ

പമ്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തില്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പങ്കാളിത്തം ഉണ്ടായെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. ഉദ്ഘാടന ചടങ്ങില്‍ 4126 പേര്‍ പങ്കെടുത്തു. 2125 പേര്‍ കേരളത്തിന് പുറത്തുനിന്നും എത്തിയവരാണെന്നും മന്ത്രി പറഞ്ഞു.

സംഗമത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് കൂടുതല്‍ പങ്കെടുത്തത്. വിദേശത്തുനിന്നും 182 പേരെത്തി. ഇതില്‍ ശ്രീലങ്കയില്‍ നിന്നുള്ളവരാണ് കൂടുതല്‍. സംഗമത്തില്‍ പങ്കെടുത്ത 1819 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്നും 28ഓളം സംഘടനകളും അയ്യപ്പസംഗമത്തില്‍ പങ്കെടുത്തെന്ന് മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഒരു പരാതിയും ഇല്ലാതെയാണ് അയ്യപ്പ സംഗമം നടത്തിയത്. ആഗോള അയ്യപ്പ സംഗമം കൊണ്ട് എന്താണോ ലക്ഷ്യംവെച്ചത് അത് അര്‍ഥപൂര്‍ണമാകുന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു. ചര്‍ച്ചകളില്‍ ഒരു കൗണ്ടറിലെ മാത്രം എണ്ണമെടുത്ത് തെറ്റായ സംഖ്യ നല്‍കി. സംഗമത്തില്‍ നിന്നും ശബരിമല വികസനത്തിന് ലഭിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി 18 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍മാര്‍ പലരും മുന്നോട്ടുവന്നതായും ധാരണയാക്കിയ ശേഷം അറിയിക്കാം എന്ന് പറഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബറില്‍ രാഷ്ട്രപതി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഏതുസമയത്തും സജ്ജമാണെന്ന് രാഷ്ട്രപതി ഭവനെ തിരികെ അറിയിച്ചതായും മന്ത്രി പറഞ്ഞു.