ഗാസയിൽ കരയുദ്ധം ശക്തമാക്കി ഇസ്രായേൽ. ഗാസയിൽ ഇസ്രയേൽ സുപ്രധാനമായ ഓപ്പറേഷൻ ആരംഭിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യനാഹു. കഴിഞ്ഞ മാസമാണ് ഗാസ പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ പദ്ധതിയ്ക്ക് ഇസ്രായേൽ ഭരണകൂടം അനുമതി നൽകിയത്. ഇതിനുപിന്നാലെ ഗാസ വിട്ട് പോകാൻ ജനങ്ങൾക്ക് ഇസ്രായേൽ സൈന്യം നിർദേശം നൽകിയിരുന്നു.ഓഗസ്റ്റ് 14 മുതൽ ഇതുവരെ 140,000-ത്തിലധികം പേർ ഗാസ സിറ്റിയിൽ നിന്ന് തെക്കോട്ട് പലായനം ചെയ്തിട്ടുണ്ടെന്ന് യുഎൻ ഡാറ്റ കാണിക്കുന്നു.

തിങ്കളാഴ്ച രാത്രി മുതൽ ഇസ്രായേൽ ആരംഭിച്ച കരയുദ്ധത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 34 പലസ്തീനികളുടെ മൃതദേഹം തങ്ങളുടെ ആശുപത്രിയിൽ ലഭിച്ചിട്ടുണ്ടെന്ന് ഷിഫ ആശുപത്രി അധികൃതർ വ്യക്തമാക്കി.ചൊവ്വാഴ്ച ഉണ്ടായ ആക്രമണത്തിൽ ഗാസമുനമ്പിലെ നിരവധി കെട്ടിടങ്ങൾ ഇസ്രായേൽ സൈന്യം തകർത്തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് ഗാസയിൽ ഇപ്പോൾ സംഭവിക്കുന്നതെന്ന് യുണിസെഫ് വക്താവ് ടെസ് പറഞ്ഞു. 700 ദിവസത്തിലധികമായി തുടരുന്ന സംഘർഷത്തിൽ ഏകദേശം അരലക്ഷത്തോളം കുട്ടികളാണ് ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ടതെന്നു ടെസ് വ്യക്തമാക്കി.

ഗാസ യുദ്ധത്തിൽ നിന്ന് ഇസ്രായേൽ ഉടൻ പിന്മാറണമെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കൂർ ടർക്ക് ആവശ്യപ്പെട്ടു. “ഗാസയെ ഇസ്രായേൽ അനിയന്ത്രിതമായി നശിപ്പിക്കുന്നത് നിർത്തണം. പട്ടിണിയിലും വൈകല്യത്തിലും കഴിയുന്നവരെ വീണ്ടും ആക്രമിക്കുന്നതിലൂടെ എന്താണ് ഇസ്രായേൽ അർത്ഥമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ഗാസ കത്തുന്നു എന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് എക്‌സിൽ കുറിച്ചത്. ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ ഇല്ലാതാക്കുന്നതിനും ഇസ്രായേൽ സൈന്യം പോരാടുകയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
