മരടിലെ ‘ഫ്ലോട്ടിങ് ഡിസ്‌പെൻസറി’പുനരാരംഭിച്ചു

മരട് നഗരസഭയുടെ ഫ്ലോട്ടിങ് ഡിസ്‌പെൻസറിയുടെ പ്രവർത്തനം പുനരാരംഭിച്ചു. കായലോരത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിച്ചിരുന്ന ഡിസ്‌പെൻസറിയുടെ തിരിച്ചുവരവ് തീരദേശവാസികൾക്ക് വലിയ ആശ്വാസമാവും.

​മരടിന്റെ വിവിധയിടങ്ങളിലും കുമ്പളം പഞ്ചായത്തിലും പുഴമാർഗമാണ് മരുന്നുകളും ഡോക്ടറുടെ സേവനവും എത്തിച്ചിരുന്നത്.

ഒരു ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്നീഷ്യൻ എന്നിവരടങ്ങുന്ന ടീമാണ് ഫ്ലോട്ടിങ് ഡിസ്‌പെൻസറിയിലുള്ളത്. മികച്ച നിലവാരത്തിലുള്ള ചികിത്സാ സഹായം പ്രദേശങ്ങളിലെ ജനങ്ങൾക്ക് വീട്ടുപടിക്കൽ ലഭിക്കുന്നത് ആരോഗ്യമേഖലയിൽ വലിയ മുന്നേറ്റമാകും.

ഫ്ലോട്ടിങ് ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം മരട് കടവിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ആന്റണി നിർവഹിച്ചു വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷയായി.

സ്ഥിരം സമിതി അധ്യക്ഷന്മാരായ റിനി തോമസ്, ബേബി പോൾ, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി.ഡി രാജേഷ്, മോളി ഡെന്നി, ജയ ജോസഫ്, ജെയ്നി പീറ്റർ, മെഡിക്കൽ ഓഫീസർമാരായ ഡോ. എസ് സൗമ്യ, ഡോ. പ്രീത, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.

കവർ ഫോട്ടോ കടപ്പാട് :മനോരമ