വ്യായാമം, ആരോഗ്യകരമായ ആഹാര രീതികൾ തുടങ്ങിയമാറ്റങ്ങളിലൂടെ ജീവിതശൈലിയെ നവീകരിക്കണമെന്നും അതിലൂടെ ഹൃദയത്തിൻ്റെ ആരോഗ്യം സംരക്ഷിക്കണമെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസും, ദേശീയ ആരോഗ്യ ദൗത്യവും, പറവൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ലോക ഹൃദയദിനത്തിൽ സംഘടിപ്പിച്ച ‘ഹൃദയപൂർവ്വം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കളക്ടർ.
മാല്യങ്കര എസ്. എൻ. എം. കോളേജ് അങ്കണത്തിൽ നടന്ന സംഗമത്തിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി മുഖ്യപ്രഭാഷണം നടത്തി.
‘ഹൃദയപൂർവ്വം എറണാകുളം’ കാമ്പയിൻ വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു .
ദിനാചരണത്തിന്റെ ഭാഗമായി എൻ.സി.സി, എൻ.എസ്. എസ് വളണ്ടിയർമാർക്കായി ജീവൻ രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഷൂട്ടൗട്ട് മത്സരം, കളരി അഭ്യാസപ്രകടനം, ഫ്ലാഷ് മോബ്, ഐ.സി.ഡി.എസ് സഹകരണത്തോടെ ‘പോഷൺ മാ’ പോഷകാഹാര പ്രദർശന പരിപാടി, സ്ത്രീ കാമ്പയിന്റെ ഭാഗമായി സൗജന്യ രോഗനിർണയ സേവനങ്ങൾ, തുടങ്ങിയവയും ദിനാചരണത്തിന്റെ ഭാഗമായി നടത്തി.
ദിനാചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര റാലി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ നോഡൽ ഓഫീസറുമായ ഡോ. ആരതി കൃഷ്ണൻ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എ. എസ്. അനിൽകുമാർ മുഖ്യാതിഥിയായി. എച്ച്. എം. ഡി. പി.സഭ സെക്രട്ടറി കെ.എസ് ബാലസുബ്രഹ്മണ്യം പോസ്റ്റർ പ്രകാശനം ചെയ്തു.
ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പ്രസ്ലിൻ ജോർജ് ഹൃദയദിന സന്ദേശം പങ്കുവെച്ചു.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ ഹൃദയപൂർവ്വം കാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.എസ് സന്തോഷ് ,ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറവൂർ മേഖല പ്രസിഡൻ്റ് ഡോ.സി.എം. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബബിത ദിലീപ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വിനോദ് പൗലോസ്, കെ.ജി.എം.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗം ഡോ. കെ പ്രശാന്ത്, എച്ച്.എം. ഡി.പി. സഭ മാനേജർ ഡി. മധു, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ജി. രജനി എന്നിവർ പങ്കെടുത്തു.