മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിച്ചു
സ്കൂളുകളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കളമശ്ശേരി മണ്ഡലത്തിലെ 41 സർക്കാർ എയ്ഡഡ് സ്കൂളുകളിൽ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകൾ സ്ഥാപിച്ചു. അയിരൂർ സെന്റ് തോമസ് സ്കൂളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.
മൂന്ന് കോടി രൂപ ചെലവഴിച്ചാണ് സ്കൂളുകളിൽ ആർ ഒ പ്ലാന്റുകൾ സ്ഥാപിച്ചത്. ഒരു പ്ലാന്റിന് 7.16ലക്ഷം രൂപവീതം ചെലവഴിച്ച് ഓരോ സ്കൂളിലും 500 ലിറ്റർ ശേഷിയുള്ള ടാങ്കുകളാണ് സ്ഥാപിച്ചത്.സിയാലിന്റെ പിന്തുണയോടെയാണ് ജലധാര എന്ന പേരിൽ പദ്ധതി നടപ്പാക്കിയത്.

സ്കൂളുകളുടെ പശ്ചാത്തല വികസനത്തിനും വിവിധ പദ്ധതികൾക്കുമായി 30 കോടിയോളം രൂപ മണ്ഡലത്തിൽ ചെലവഴിച്ചു. പോഷക സമൃദ്ധം പ്രഭാത ഭക്ഷണം പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായി ആരംഭിച്ചത് കളമശ്ശേരിയിലാണ്. മണ്ഡലത്തിലെ മുഴുവൻ എൽ പി, യു പി, സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും നാലു വർഷമായി ബി പി സി എല്ലിന്റെ പിന്തുണയോടെ സൗജന്യ പ്രഭാത ഭക്ഷണം നൽകി വരുന്നുണ്ട്.
കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ തടസം നേരിട്ട കുട്ടികൾക്ക് വിവിധ സംഘടനകളുടെ സഹായത്തോടെ മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും നൽകാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അധ്യക്ഷനായി. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി മുഖ്യാതിഥിയായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ വി ജയരാജൻ, എറണാകുളം വിദ്യാഭാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, അയിരൂർ സെന്റ് തോമസ് ഹൈസ്കൂൾ മാനേജർ ഫാ ജോയിസ് കൈതക്കൂട്ടിൽ, ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി ഗവർണർ കെ.ബി. ഷൈൻ കുമാർ, പ്രിൻസിപ്പാൾ ടി ജെ സിജു എന്നിവർ സംസാരിച്ചു.
