കൊറിയർ സർവീസ് വഴി ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ അരക്കിലോയോളം മഞ്ചേരിയിൽ എത്തിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 15 വർഷം കഠിനതടവ്.
കേസിലെ ഒന്നാം പ്രതി ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ പഴങ്കര കുഴിയിൽ വീട്ടിൽ നിഷാന്ത് ( 25), രണ്ടാം പ്രതി ഏറനാട് താലുക്കിൽ മലപ്പുറം അംശം ഡൗൺ ഹിൽ ദേശത്ത് പുതുശ്ശേരി വീട്ടിൽ റിയാസ് (33), മൂന്നാം പ്രതി ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ പട്ടർക്കടവ് ദേശം മൂന്നുക്കാരൻ വീട്ടിൽ സിറാജുദീൻ (30) എന്നിവരെയാണ് ശിക്ഷിച്ചത്.
മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് ടി.ജി.വർഗ്ഗീസാണ് 1985 ലെ എൻ.ഡി.പി.എസ് ആക്റ്റ് (NDPS Act u/s 22(c) & 29 ) പ്രകാരം പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി പതിനഞ്ചു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കുന്നതിനും വിധിച്ചത്.
2023 ഫെബ്രുവരി 21 നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി
തുറയ്ക്കൽബൈപാസിലുള്ള ബ്ലൂ ഡാർട്ട് കൊറിയർ സർവീസ് വഴി ആൻ ഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും പാഴ്സൽ ആയി എത്തിച്ച അരക്കിലോ മെത്താംഫിറ്റമിൻ ഏറ്റുവാങ്ങി കാറിൽ കയറുന്നതിനിടയിലാണ് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖും സംഘവും പ്രതികളെ പിടികൂടുന്നത്.
മഞ്ചേരി ഭാഗത്ത് വിൽപ്പന നടത്തുന്നതിനായാണ് പ്രതികൾ മരുന്ന് എത്തിച്ചത്.

കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന ടി. ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിന്റെ ഫലമായാണ് പ്രതികളെ തൊണ്ടി സഹിതം പിടികൂടാൻ സാധിച്ചത്.
ഒന്നാം പ്രതി നിഷാന്തിന്റെ പേരിലാണ് പാഴ്സൽ എത്തിയത്.ജാമിന്റെയും പീനട്ട് ബട്ടറിന്റെയും ഗ്ലാസ്സ് ജാറുകളിൽ ഒളിപ്പിച്ചായിരുന്നു കടത്ത്.മറ്റു പ്രതികളുടെ സുഹൃത്തായ നാലാം പ്രതി മുഹമ്മദ് സാബിദ് ആണ് രാജേന്ദ്രൻ എന്ന വ്യാജ മേൽ വിലാസത്തിൽ ഒന്നാം പ്രതി നിഷാന്തിന്റെ പേരിൽ കൊറിയർ ആയി മയക്കുമരുന്ന് അയച്ചത്. നാലാം പ്രതി മുഹമ്മദ് സാബിത് ഇപ്പോഴും ഒളിവിലാണ്.
എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കേസന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.സുരേഷ് ഹാജരായി. കേസിൽ തെളിവായി 52 രേഖകൾ സമർപ്പിക്കുകയും 22 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികളെയും തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി