കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദ്ദനം; യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റിന്റെ നിയമപോരാട്ടത്തിനു ഫലം കണ്ടു .

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതികളായ നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. തൃശൂര്‍ റേഞ്ച് ഡിഐജി എസ് ഹരിശങ്കറാണ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണയ്ക്ക് ശുപാര്‍ശ നല്‍കിയത്. നിലവില്‍ എടുത്തിട്ടുള്ള ലഘുവായ അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നും ശുപാര്‍ശയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സുജിത്ത് നടത്തിയ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ്, പൊലീസ് പൂഴ്ത്തിവെച്ചിരുന്ന ദൃശ്യങ്ങള്‍ പുരത്തു വരുന്നത്. സുജിത്തിന്റെ പരാതി പ്രകാരം കോടതി കസ്റ്റഡി മര്‍ദ്ദനത്തില്‍ നേരിട്ട് കേസെടുക്കുകയും, നാലു പൊലീസുകാരെ പ്രതികളാക്കുകയും ചെയ്തിരുന്നു.

ഈ കേസില്‍പ്പെട്ട നാലു പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്യാനാണ് ഡിഐജി നിര്‍ദേശിച്ചിട്ടുള്ളത്. മര്‍ദ്ദനത്തില്‍ കൂട്ടാളിയായിരുന്ന പൊലീസ് ഡ്രൈവര്‍ മറ്റൊരു വകുപ്പിലേക്ക് മാറിയതായി സുജിത് വ്യക്തമാക്കിയിരുന്നു. കേസില്‍ നാലു പ്രതികളില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നത്. മൂന്ന് ഉദ്യോഗസ്ഥരുടെ രണ്ടുവര്‍ഷത്തെ വേതന വര്‍ധനവ് തടഞ്ഞുവെക്കുന്നത് മാത്രമായിരുന്നു ശിക്ഷാനടപടി. പ്രതിയായ സിപിഒ ശശിധരനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നില്ല.

സംഭവം വിവാദമായതോടെ കസ്റ്റഡി മര്‍ദ്ദനം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും, പൊലീസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടി വീണ്ടും പരിശോധിക്കാനും ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഡിഐജിയോട് നിര്‍ദേശിച്ചിരുന്നു. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍, പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഡിജിപി നിയമോപദേശം തേടുകയും ചെയ്തിരുന്നു. കസ്റ്റഡി മര്‍ദ്ദനത്തില്‍ എസ്‌ഐ ആയിരുന്ന നുഹ്മാന്‍, സിപിഒമാരായ ശശിധരന്‍, സജീവന്‍, സന്ദീപ് എന്നീ പൊലീസുകാര്‍ക്കെതിരെയാണ് കോടതി കേസെടുത്തിരുന്നത്.