ഡാറ്റാ അപ്‌ഡേഷൻ പൂർത്തിയായി: റേഷൻ വിതരണം പുനരാരംഭിച്ചു

കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ (NIC) കീഴിലുള്ള ഏകീകൃത സോഫ്റ്റ്‌വെയറിലേയ്ക്ക് കേരളത്തിലെ റേഷൻ ഗുണഭോക്താക്കളുടെ ഡാറ്റ പങ്കിടുന്ന പ്രക്രിയ ഇന്ന് (സെപ്റ്റംബർ 2) വൈകിട്ടോടെ പൂർത്തിയായി. ഇതുമൂലം ഇന്ന് വൈകുന്നേരം റേഷൻ വിതരണത്തിലുണ്ടായ സാങ്കേതിക തടസ്സം പരിഹരിക്കുകയും റേഷൻ വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം സ്മാർട്ട് പി.ഡി.എസ്. പദ്ധതി കേരള സർക്കാരും നടപ്പിലാക്കിയതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള അപ്‌ഡേഷൻ അത്യാവശ്യമായി വന്നത്. രാജ്യത്താകമാനം പി.ഡി.എസ്. സംവിധാനത്തിനു വേണ്ടി ഏക സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത ഡാറ്റാ ട്രാൻസ്ഫർ/അപ്ഡേഷൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായാണ് സെപ്റ്റംബർ 2025 ലെ റേഷൻ വിതരണം ആരംഭിക്കുന്നതിനു വേണ്ടിയുള്ള ഇ-പോസ് ക്രമീകരണത്തിനായി സെപ്റ്റംബർ 2 ഉച്ചവരെയുള്ള സമയം NIC- ഹൈദരാബാദ് ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 2-ാം തീയതി 4 മണി മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതാണെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ 2 മണിക്കൂറോളം വൈകി 6 മണിയോടുകൂടിയാണ് NIC അപ്‌ഡേഷൻ പൂർത്തിയാക്കിയത്.

ഓണത്തോടനുബന്ധിച്ചുള്ള അരിയുടെയും സ്‌പെഷ്യൽ അരിയുടെയും വിതരണം ആഗസ്റ്റ് 31 ന് പൂർത്തിയായിരുന്നു. ആഗസ്റ്റ് മാസം മുൻഗണനാ കാർഡുടമകളിൽ 97.22 ശതമാനവും ആകെ കാർഡുടമകളിൽ 86.75 ശതമാനവും റേഷൻ വിഹിതം കൈപ്പറ്റിയിരുന്നു. സെപ്റ്റംബർ മാസത്തെ റേഷൻ വിഹിതം ഈ മാസം 30 വരെ കൈപ്പറ്റുന്നതിന് അവസരമുണ്ട്. എ.എ.വൈ (മഞ്ഞ) കാർഡ് വിഭാഗത്തിനുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സെപ്റ്റംബർ 15 വരെ തുടരുമെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.