കുട്ടികളെ അടുത്തറിയാൻ അധ്യാപകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

സംസ്ഥാനത്തെ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി ബാലാവകാശ കമ്മീഷന്‍ സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാതല പരിശീലന പരിപാടി കമ്മീഷൻ അംഗം കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു.

സുരക്ഷിതരും സന്തോഷവും ഉള്ളവരായി കുട്ടികളെ മാറ്റിയെടുക്കാൻ അധ്യാപകർക്ക് സാധിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഇതിന് ഒരു ടീമായി പ്രവർത്തിക്കണം. കുട്ടികളെ തിരുത്തേണ്ട സമയങ്ങളിൽ തിരുത്തി സംരക്ഷിക്കേണ്ടപ്പോൾ സംരക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണം. അതുപോലെ നിലവിലുള്ള നിയമസംവിധാനങ്ങൾ സംബന്ധിച്ച് അധ്യാപകർക്ക് ധാരണ ഉണ്ടാക്കുക, നിലവിലുള്ള നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ ചർച്ച ചെയ്യുക, ബാലാവകാശ കമ്മീഷനെ സംബന്ധിച്ചുള്ള തെറ്റായ ധാരണകൾ മാറ്റിയെടുക്കുക ഇത്തരം കാര്യങ്ങൾ കൂടി ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനവ്യാപകമായി നടത്തുന്ന പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിനാണ് ജില്ലയിൽ തുടക്കമായത്. ഒക്ടോബർ 6ന് അവസാനിക്കുന്ന രണ്ടാം ഘട്ട പരിശീലനം ഇടുക്കി എറണാകുളം ആലപ്പുഴ കോട്ടയം പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ജില്ലകളിലെ അധ്യാപകർക്കാണ് നൽകുന്നത്. പരിശീലനത്തിന്റെ ഒന്നാം ഘട്ടം കോഴിക്കോട് കാസർകോട്, കണ്ണൂർ മലപ്പുറം, വയനാട് പാലക്കാട്, തൃശൂർ ജില്ലകളിൽ കഴിഞ്ഞ ആഗസ്റ്റ് 11 മുതൽ 20 വരെ സംഘടിപ്പിച്ചിരുന്നു.

കൗമാരക്കാരുടെ ശാരീരിക- മാനസിക പ്രശ്നങ്ങളെ തിരിച്ചറിയാനും പരിഹാരം നിര്‍ദ്ദേശിക്കാനും അധ്യാപകരെ പ്രാപ്തരാക്കുക, അധ്യാപക- വിദ്യാര്‍ത്ഥി ബന്ധം സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക, വിദ്യാഭ്യാസ- മനഃശാസ്ത്ര സിദ്ധാന്തങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ശാസ്ത്രീയ കാഴ്ചപ്പാടോടു കൂടിയ സമീപനം വിദ്യാലയാന്തരീക്ഷത്തില്‍ നടപ്പിലാക്കുക, ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുക, സാമൂഹ്യ മാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളില്‍ അവബോധം വളര്‍ത്തുക എന്നിവയാണ് പരിശീലനത്തിൻ്റെ ലക്ഷ്യം.

പരിശീലനം ലഭിക്കുന്ന അധ്യാപകർ അവരുടെ വിദ്യാലയങ്ങളിലെ അധ്യാപകരിലേക്കും 8,9,10, ക്ലാസുകളിലെ വിദ്യാർത്ഥികളിലേക്കും ബോധവൽക്കരണം എത്തിക്കുക എന്നതാണ് കമ്മീഷൻ ഉദേശിക്കുന്നത്.

ബാലാവകാശങ്ങൾ എന്ന വിഷയത്തിൽ കമ്മീഷൻ അംഗം ഡോ.എഫ്.വിൽസൺ, കുട്ടികളുടെ മാനസികാരോഗ്യം വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ ബാസ്പിൻ, സൈബർ സുരക്ഷ വിഷയത്തിൽ സൈബർ പോലീസ് വിംഗ് വിദഗ്ധൻ ആൽബിൻ പീറ്റർ എന്നിവർ ക്ലാസുകൾ നയിച്ചു.

പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന പരിശീലന പരിപാടിയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം എൻ ഷീല അധ്യക്ഷയായിരുന്നു. ബാലവകാശ കമ്മീഷന്‍ അംഗം ഡോ. എഫ് വിൽസൺ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ എസ് സിനി, കാവുങ്കര ടി.ടി.വി ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ മുഹമ്മദ് സുഹൈൽ, മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.