ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാൻ തയ്യാറാണെന്ന് ആർജെഡി;കോൺഗ്രസ് സഖ്യം ഉണ്ടാകുമോ ?

ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാൻ തന്റെ പാർട്ടി തയ്യാറാണെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ്.

കോൺഗ്രസ് സഖ്യത്തിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടെയാണ് തേജസ്വി യാദവിന്റെ പ്രഖ്യാപനം. ഞായറാഴ്ച മുസാഫർപൂരിലെ കാന്തിയിൽ പാർട്ടി പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ തന്റെ പിതാവും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ പാരമ്പര്യം ഓർമ്മിപ്പിച്ച തേജസ്വി യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുകയും ചെയ്തു.

മുസാഫർപൂർ, ബോച്ചഹാൻ, ഗൈഘട്ട്, കാന്തി തുടങ്ങിയ മണ്ഡലങ്ങളുടെ പേര് പ്രത്യേകം പരാമർശിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് മത്സരത്തിന് തയ്യാറെടുക്കാൻ തേജസ്വി യാദവ് പ്രവർത്തകരോട് പഞ്ഞു.രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ അടുത്തിടെ പങ്കെടുത്ത യാദവ്, ജനങ്ങളുടെ വോട്ടവകാശം വെട്ടി കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും ആരോപിച്ചിരുന്നു.

2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി ആർജെഡി 144 സീറ്റുകളിൽ മത്സരിക്കുകയും 75 സീറ്റുകൾ നേടുകയും ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ചെയ്തിരുന്നു. 70 മണ്ഡലങ്ങളുണ്ടായിരുന്ന കോൺഗ്രസിന് അന്ന് 19 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. എന്നാൽ നിലവിലെ സാഹചര്യത്തിൽ രാഹുൽഹാന്ധിയുടെ സംസ്ഥാനത്തെ പര്യടനവും, വോട്ട്ചോരിയുമെല്ലാം വോട്ടർമാരെ സ്വാധീനിച്ചുവെന്നാണ് ഇരു പാർട്ടികളുടെയും കണക്കുകൂട്ടൽ