ഇക്കുറി എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെത് സുമുഖനായ മാവേലി ;കുടവയറും കൊമ്പൻ മീശയുമില്ല

ഇത്തവണ കുടവയറും കൊമ്പൻ മീശയുമില്ലാത്ത മാവേലിയെയാണ് എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെ സംഭാവനയായി ജില്ലാ ശുചിത്വ മിഷൻ അവതരിപ്പിച്ചിട്ടുള്ളത്.ഹരിതചട്ടം പാലിച്ച് പരിപാടികൾ നടത്തുന്നതിനു വേണ്ടി സുന്ദരനായ മാവേലിയുടെ പര്യടനം ആരംഭിക്കുകയും ചെയ്തു.മാവേലിയുടെ പര്യടനത്തിന്റെ ഫ്ലാഗ് ഓഫ് ചെയ്‌തത്‌ എറണാകുളം കലക്ടർ പ്രിയങ്കയാണ്.

ഓണക്കാലത്ത് ദൃശ്യവല്‍ക്കരിക്കുന്ന ‘മഹാബലി’ക്ക് അതല്ലെങ്കില്‍ ‘മാവേലി’ക്ക് ‘മഹാ’ഭാവവും രൂപവുമില്ല; പകരം കോമാളിസ്വരൂപമാണ് കാണുന്നത്. മഹാബലിയെ തൊലിനിറം കറുപ്പിക്കും, കപ്പടാമീശവെപ്പിക്കും, കുടവയര്‍ നിര്‍ബന്ധം.ചിലപ്പോള്‍ സര്‍വാഭരണ വിഭൂഷിതനായിരിക്കും, പട്ടുചേലയായിരിക്കും ഉടുപ്പിക്കുക;

ചിത്രത്തിലായാലും ശില്‍പ്പത്തിലായാലും പ്രച്ഛന്നവേഷത്തിലായാലും. വാമനന്‍ അല്‍പ്പ വസ്ത്രധാരിയും പൂണുനൂല്‍ ധരിച്ചയാളുമാകും. ഏതോ ചിത്രകാരന്റെ ഭാവനയില്‍ ഒരിക്കല്‍ വിരിഞ്ഞ സൃഷ്ടിയെ, കാലക്രമത്തില്‍ കൂടുതല്‍ കൂടുതല്‍ കോമാളിത്തം ചേര്‍ത്ത് പരമാവധി വികൃതമാക്കിക്കൊണ്ടിരിക്കാന്‍ മത്സരിക്കുകയാണ്, ഓരോ വര്‍ഷവും വര്‍ഷവും ഓരോരുത്തരും എന്നു തോന്നിപ്പോകും

മഹാബലി കരുത്തനായ, ഇന്ദ്രലോകത്തെപ്പോലും കീഴ്‌പ്പെടുത്താന്‍ കരുത്തും മേധയുമുള്ള മഹാ രാജാവായിരുന്നു.നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കുമായിരുന്ന ആ രാജാവ് കുടവയറനായിക്കാണുമ്പോള്‍, കപ്പടാമീശക്കാരനായിക്കാണുമ്പോള്‍ അപാകമേറെ. എന്നാല്‍ ”ഓണത്തപ്പാ കുടവയറാ, ഇന്നോ നാളെയോ തിരുവോണം എന്ന തരത്തിലുള്ള പാട്ടുകളും ഉണ്ട്.

മാവേലിയെ കോമാളിയാക്കുന്നതിനെ അടുത്ത കാലത്ത് ശക്തമായി എതിർക്കുന്നത് സംഘ്പരിവാറാണ് .അവരുടെ ഗ്രൂപ്പുകളിൽ കുടവയറും കൊമ്പൻ മീശയുമില്ലാത്ത സുന്ദരനായ മാവേലിയാണ്.അതേസമയം കേന്ദ്ര സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലോക് സംവർധൻ പർവ്വ് മേളയിൽ കോമാളി രൂപമാണ് മാവേലിയുടേത് .

എറണാകുളം ജില്ലാ ഭരണകൂടം പൊതുജനങ്ങളിൽ ഹരിതചട്ടം പാലിച്ച് ഓണാഘോഷത്തിന്റെഅവബോധം ഉണ്ടാക്കുന്നതിനാണ് സുന്ദരനായ മാവേലിയെ അവതരിപ്പിച്ചിട്ടുള്ളത്. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് മാവേലി പര്യടനം ആരംഭിച്ചത് .

ഹരിതചട്ടം പാലിച്ച് പരിപാടികൾ നടത്തുന്നതിന് അവബോധം സൃഷ്ടിക്കുക, ഓണക്കാലത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ് തുടങ്ങിയവ ഒഴിവാക്കി പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

‘മാവേലി വൃത്തിയുടെ ചക്രവർത്തി, ഈ ഓണം ഹരിത ഓണം’ എന്ന സന്ദേശവുമുയർത്തികൊണ്ട് ശുചിത്വ മിഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹരിത ഓണം പ്രചരണയാത്രയുടെ ഭാഗമായാണ് കാക്കനാട് സിവിൽ സ്റ്റേഷനിൽ നിന്ന് പ്രചരണ വാഹനം പര്യടനം ആരംഭിച്ചത്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും.